ഇന്ന് പൂജവയ്പ്; ക്ഷേത്രങ്ങളിൽ തിരക്കേറി

Monday 29 September 2025 12:10 AM IST

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവയ്പ ഇന്ന്. നാളെയാണ് ദുർഗാഷ്ടമി. ഒക്ടോബർ രണ്ടിനാണ് വിജയദശമി.

അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്ക്കുന്നത്. ഇന്ന് അസ്തമയ സമയത്ത് അഷ്ടമി തിഥിയാണ്. ദശമി തിഥി ഉദയം മുതൽ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. അത് ഒക്ടോബർ രണ്ടിനാണ്. അതിനാൽ ഇത്തവണ ഒരു ദിവസം കൂടുതൽ പൂജവയ്ക്കണം. 9 രാത്രികളിലെ പൂജയും പത്താം നാൾ രാവിലെ നടക്കുന്ന പൂജയെടുപ്പും ഇക്കുറി 11നാളിലേക്ക് നീണ്ടു. അഷ്ടമി,നവമി,ദശമി നാളുകളാണ് നവരാത്രിയിലെ പ്രധാന പൂജകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ശക്തീപൂജ നടത്തുന്നത് ഉത്തമമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ വിശ്വാസികൾ വ്രതം നോൽക്കാറുണ്ട്. ഈ വർഷം നവരാത്രിയുടെ ആചാരപരമായ വിഗ്രഹങ്ങളുടെ പൂജവയ്പ് 22നായിരുന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് എഴുന്നള്ളിച്ച തേവാരക്കെട്ട് സരസ്വതിദേവിയുടെ പൂജയ്ക്കിരുത്ത് തൊഴാൻ നിരവധി ഭക്തരാണ് ദിവസവുമെത്തിയത്. സരസ്വതീദേവിക്കൊപ്പം എഴുന്നള്ളിച്ച വേളിമല കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും തൊഴാൻ ആര്യശാല ഭഗവതീക്ഷേത്രത്തിലും ശുചീന്ദ്രം മുന്നൂറ്റിനങ്കയെ തൊഴാൻ ചെന്തിട്ട ഭഗവതീക്ഷേത്രത്തിലും തിരക്കേറി.

നവരാത്രി മണ്ഡപത്തിൽ 450ഓളം കുട്ടികളെ എഴുത്തിനിരുത്തും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിലും വിദ്യാരംഭം നടക്കും. ആറ്റുകാൽ ഭഗവതീക്ഷേത്രം,കരിക്കകം ചാമുണ്ഡീക്ഷേത്രം തുടങ്ങി തലസ്ഥാനത്തെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവീക്ഷേത്രങ്ങളിലും നവരാത്രി ആഘോഷം മംഗളകരമാകും.