അല്ലു അർജുൻ മുതൽ വിജയ് വരെ.. പാഠം പഠിക്കാതെ

Monday 29 September 2025 1:16 AM IST

അല്ലു അർജ്ജുൻ മുതൽ വിജയ് വരെ.. തിരുപ്പതി ക്ഷേത്രം മുതൽ ഹരിദ്വാറിലെ മനസാ ദേവി ക്ഷേത്രം വരെ.. ആൾക്കൂട്ട നിയന്ത്രണവും സുരക്ഷാ നിയമങ്ങളും ഇപ്പോഴും പര്യാപ്തമല്ലെന്ന് വീണ്ടും തെളിയുകയാണ്. ഇത്തരം അപകടങ്ങളെക്കുറിച്ച് ജനം ബോധവാന്മാരാകേണ്ടതുണ്ടെന്ന് ഒന്നുകൂടി വ്യക്തമാകുകയാണ്. ചെറുതും വലുതുമായ പത്തോളം ആൾക്കൂട്ട അപകടങ്ങളാണ് ഈ വർഷം മാത്രം രാജ്യത്ത് വിവിധയിടങ്ങളിലുണ്ടായത്.

കഴിഞ്ഞ വർഷം പുഷ്പ റിലീസിനിടെ അല്ലു അർജ്ജുൻ അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും ഒരു ആരാധികയും അവരുടെ മകനും മരിച്ചതും ആർ.സി.ബി ഐ.പി.എൽ കിരീട നേട്ടം ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും 11 മരണമുണ്ടായതും നാം ബോധപൂർവം മറക്കുകയാണോ.. ഇവയെല്ലാം വരുത്തിവച്ച ദുരന്തമാണ്. ഇപ്പോൾ കരൂരും. ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും ഒളിച്ചോടാനാവില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ കരൂരിൽ എത്തേണ്ട വിജയ് എത്തിയത് ഏകദേശം ആറ് മണിക്കൂർ വൈകി. വിജയ് എത്തിപ്പോഴേക്കും ജനക്കൂട്ടം ക്രമാതീതമായിരുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽ വൻ തിരക്കിൽ ജനം കാത്തുനിന്നത് മണിക്കൂറോളം. പലരും വീണുതുടങ്ങിയെന്നറിഞ്ഞപ്പോഴേക്കും വിജയ് സ്ഥലത്തുനിന്ന് മാറി. അതിസാഹസികമായി

ജനങ്ങളെ രക്ഷിക്കുന്ന താരങ്ങൾ സിനിമയിൽ മാത്രമേയുണ്ടാകു എന്നും രാഷ്ട്രീയം കുറച്ചുകൂടി ശ്രദ്ധ വേണ്ട ഇടമാണെന്നും വിജയ്‌യ്ക്കുതന്നെ ബോദ്ധ്യപ്പെട്ട സമയമാകും ഇത്. അപക്വമായ രാഷ്ട്രീയ നീക്കമാണ് വിജയ് നടത്തിയതും.

വിജയ് എത്തുമ്പോഴേക്കും നിരവധി പേർ ബോധരഹിതരായെന്നാണ് റിപ്പോർട്ട്. ഇത്രമേൽ ജനം വരുന്നിടത്ത് ഒരുക്കേണ്ട മുൻകരുതലുകളെടുത്തില്ല. രാഷ്ട്രീയ നേതാവെന്ന നിലയ്ക്കും റാലി സംഘടിപ്പിച്ചയാൾ എന്ന നിലയ്ക്കും ജനപ്രിയ താരമെന്ന നിലയ്ക്കും മുൻകരുതലെടുക്കേണ്ട ബാദ്ധ്യത വിജയ്‌യ്ക്കുണ്ട്. റാലിയുടെ ആദ്യ ദിനത്തിലും നിരവധി പേർ കുഴഞ്ഞു വീണിരുന്നു. പിന്നീടും കൃത്യ നടപടി സ്വീകരിക്കാൻ ടി.വി.കെ നേതൃത്വവും തയ്യാറായില്ല. വിജയ്‌യെ പോലൊരാളെത്തുമ്പോൾ എടുക്കേണ്ട മുൻകരുതൽ പൊലീസും എടുത്തില്ല. എന്നുപറയുമ്പോൾ അത് ആഭ്യന്തരവകുപ്പിന്റെയും പരാജയമാണ്. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനും കഴിയില്ല.

എം.ജി.ആറും ജയലളിതയും മുതൽ വിജയ് വരെ തമിഴ്നാട് ജനതയ്ക്ക് സിനിമയും രാഷ്ട്രീയവും ഹരമാണ്. എന്നാൽ,​ താരാരാധന ജനങ്ങളുടെ സുരക്ഷയ്ക്കും അപ്പുറത്താകുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകും. കുഞ്ഞുങ്ങളെ തിരക്കേറിയ ഒരു രാഷ്ട്രീയ റാലിയിലേക്ക് വലിച്ചിഴയ്ക്കുന്ന മാതാപിതാക്കളുടെ മാനസികാവസ്ഥ എന്താണ്. സുരക്ഷയ്ക്ക് പ്രാധാന്യം വരണം. സുരക്ഷാവേലി പോലുമില്ലാത്ത ഒരു പരിപാടിയും നടക്കാൻ പാടില്ല. ആൾക്കൂട്ട മരണത്തിൽ മദ്രാസ് ഹൈക്കോടതി ഉന്നയിച്ച ആശങ്കയ്ക്ക് പിന്നാലെയാണ് കരൂർ ദുരന്തം സംഭവിച്ചതെന്നതാണ് ശ്രദ്ധേയവും ഞെട്ടിപ്പിക്കുന്നതുമായ കാര്യം. റാലികളിൽ ഇത്രയേറെ ജനമെത്തുന്നത് അപകടത്തിന് കാരണമാകില്ലേയെന്നും എന്തെങ്കിലും സംഭവിച്ചാൽ എന്താകുമെന്നും ഹൈക്കോടതി ചോദിച്ചത് കഴിഞ്ഞയാഴ്ചയാണ്. കോടതി വിധി ഇനിയെങ്കിലും മുഖവിലയ്ക്കെടുക്കണമെന്നും ഇത്തരം റാലികൾക്കും ജനം കൂടുന്ന ഏത് പരിപാടിക്കും കർശനമായ നിയന്ത്രണം വേണമെന്നും ഊട്ടിയുറപ്പിക്കുകയാണ് കരൂർ സംഭവം.

ഈ വർഷം ആരാധനാലയങ്ങളിലെ തിരക്കിലുണ്ടായ അപകടങ്ങൾ വേറെ.

ജനുവരിയിൽ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറ് മരണം. യു.പിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് 30പേർ. മഹാകുംഭമേളയ്ക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വടക്കൻ ഗോവയിൽ ഷിർഗാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ഏഴ് മരണം. ജൂൺ 29ന് പുരി ജഗന്നാഥ ക്ഷേത്രത്തിന് അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ തിരക്കിൽ മൂന്ന് മരണം. ജൂലായ് 27ന് ഹരിദ്വാറിലെ മനസാ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറ് മരണം. ഈ അപകടങ്ങളിലെല്ലാം പരിക്കേറ്റവർ വേറെ.