ആകാശും ഗോകുലശ്രീയും ഇനി നോവോർമ്മ
കരൂർ: വിജയ് യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ച കരൂർ സ്വദേശികളായ ആകാശിന്റെയും (24), ഗോകുലശ്രീയുടെയും (24) വിവാഹം അടുത്ത മാസമായിരുന്നു നിശ്ചയിച്ചിരുന്നത്. ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം. പ്രിയ താരത്തിനെ കണ്ട് സെൽഫി എടുക്കാനാണ് ഇരുവരും ഇന്നലെ വൈകിട്ടോടെ കരൂരിലെത്തിയത്. എന്നാൽ ജീവിതത്തിൽ ഒന്നിക്കും മുമ്പേ ആൾക്കൂട്ടത്തിന്റെ രൂപത്തിൽ മരണം അവരെ തട്ടിയെടുത്തു.
പ്രതീക്ഷയോടെ വളർത്തിയ മകളെ തങ്ങൾ ബലികൊടുത്തുവെന്ന് പറഞ്ഞ് വാവിട്ടു കരഞ്ഞ് തളർന്ന ഗോകുലശ്രീയുടെ അമ്മ ചുറ്റും നിന്നവർക്കും തോരാ കണ്ണീരായി.
'ശനിയാഴ്ച വൈകിട്ട് ആറരയ്‌ക്ക് അവരെന്നെ വിളിച്ചിരുന്നു. സുരക്ഷിതമായി വരണമെന്ന് ഇരുവരോടും പറഞ്ഞു. കുറച്ചുകഴിഞ്ഞ് ഫോൺ സ്വിച്ച് ഒഫ് ആയി. ജീവനറ്റ ശരീരമാണ് പിന്നീട് കണാനായത്. കഷ്ടപ്പെട്ടാണ് ആകാശിനെ ഞങ്ങൾ പഠിപ്പിച്ചത്. അവനല്ലാതെ എനിക്ക് ആരുമില്ല. ജീവിക്കേണ്ട പ്രായത്തിൽ രണ്ടുപേരും പോയി""– ആകാശിന്റെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.