താരങ്ങളെ കാണാനുള്ള തിരക്കിൽ ദുരന്തം തുടർക്കഥ അന്ന് അല്ലു അറസ്റ്റിലായി

Monday 29 September 2025 2:01 AM IST

കാരൂർ: ബംഗളൂരുവിലും ഹൈദരാബാദിലും അടുത്തുണ്ടായ ദുരന്തങ്ങളുടെ ഞെട്ടൽ മാറും മുമ്പാണ് കരൂരിലെ ദുരന്തം. ഡിസംബർ 21 ഹൈദരാബാദിൽ'പുഷ്പ 2' പ്രീമിയർ ഷോ കാണാൻ അല്ലു അർജ്ജുൻ എത്തിയപ്പോൾ തിക്കിലും തിരക്കിലും യുവതി മരിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയിലായി.

പൊലീസ് അല്ലുവിനെയും സന്ധ്യ തിയറ്റർ ഉടമകളെയും പ്രതികളാക്കി കേസെടുത്തു. അല്ലുവിനെ നാടകീയമായി അറസ്റ്റും ചെയ്തു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെ അല്ലു ഒരു രാത്രി ജയിലിൽ കിടന്നു.

ജൂൺ 5 ബംഗളൂരുവിൽ

ഐ.പി.എൽ കിരീടവുമായി എത്തിയ വിരാട് കോലിയേയും സംഘത്തേയും കാണാനുള്ള തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്. 47 പേർക്ക് പരിക്ക് പറ്റി.

സിറ്റി പൊലീസ് കമ്മിഷണറെ സസ്‌പെൻഡ് ചെയ്തു. ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീം മാനേജ്‌മെന്റിനെതിരെ കേസെടുത്തു.കർണാടക ക്രിക്കറ്റ് അസോസിയേഷനേയും ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഡി.എൻ.എയേയും പ്രതി ചേർത്തു. ടീം മാർക്കറ്റിംഗ് മേധാവിയേയും ഇവന്റ് മാനേജ്‌മെന്റ് ഡയറക്ടറേയും ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.

മരിച്ചവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും കാണാൻ ആദ്യ രണ്ട് സംഭവങ്ങളിലും താരങ്ങൾ തയ്യാറായത് ഏറെ വൈകിയാണ്. ബംഗളൂരുവിൽ ക്ലബ് അധികൃതരും ഹൈദരാബാദിൽ അല്ലു അർജുനും ഒരുദിവസമെങ്കിലും ജയിലിൽ കഴിഞ്ഞു. കരൂരിൽ വിജയ്‌ക്കെതിരെ കേസ് എടുത്തിട്ടില്ല.