ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞ് മരിച്ചതറിഞ്ഞത് ചാനലിലെ ദൃശ്യങ്ങളിൽ നിന്ന്; നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ് പിതാവ്
ചെന്നൈ: ശനിയാഴ്ചയാണ് ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ് നടത്തിയ റാലി ദുരന്തത്തിൽ കലാശിച്ചത്. തിക്കിലും തിരക്കിലും പെട്ട് കുട്ടികളും സ്ത്രീകളുമടക്കം നാൽപ്പത്തിയൊന്നുപേരാണ് മരിച്ചത്. കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള നിലവിളികൾ ഏതൊരാളുടെയും ഹൃദയം തകർക്കും. ദുരന്തത്തിൽ മരിച്ച തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന ഒരച്ഛന്റെ വീഡിയോയാണ് ഇപ്പോൾ ഏറെ നോവാകുന്നത്. രണ്ടുവയസ് മാത്രം പ്രായമുള്ള ധ്രുവ് വിഷ്ണുവാണ് മരിച്ചത്. ശ്വാസംനിലച്ച മകനെ നെഞ്ചോട് ചേർത്ത് സാർ, സാർ എന്നും പറഞ്ഞ് കരയുകയാണ് പിതാവ് വിമൽ. കരൂരിൽ പരിപാടി നടന്ന സ്ഥലത്തുനിന്ന് അമ്പത് മീറ്റർ ദൂരത്തിലാണ് ദ്രുവിന്റെ വീട്. വിജയ്‌യെ നേരിട്ട് കാണാനായി കുടുംബം കുട്ടിയേയും കൊണ്ട് പോയതായിരുന്നു. ബന്ധുവായ സ്ത്രീയ്‌ക്കൊപ്പമായിരുന്നു കുട്ടി. തിക്കിലും തിരക്കിലും പെട്ട് കുടംബാംഗങ്ങൾ പലവഴിക്കായിപ്പോയി. വീട്ടിലെത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന് മനസിലായത്. തുടർന്ന് കുട്ടിയെ അന്വേഷിച്ചു. ഇതിനിടയിലാണ് ചാനലിൽ ആശുപത്രി ദൃശ്യങ്ങളിൽ നിന്ന് കുഞ്ഞ് മരിച്ചുകിടക്കുന്നത് ആ പിതാവ് കണ്ടത്. നാല് കൊല്ലം മുമ്പായിരുന്നു വിമലിന്റെയും മതേശ്വരിയുടെയും വിവാഹം. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദമ്പതികൾക്ക് ധ്രുവിനെ കിട്ടിയത്.
അതേസമയം, ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി എം പി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ഫോണിലൂടെ സംസാരിച്ചു. സ്ഥിതിഗതികൾ ചോദിച്ചറിയുകയും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. കൂടാതെ വിജയ്‌യുമായും അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടെന്നാണ് വിവരം.