പൂജവയ്ക്കാനുള്ള കൃത്യമായ സമയം എപ്പോഴാണെന്ന് അറിയാമോ? ഇക്കാര്യങ്ങൾ അനുഷ്ഠിച്ചില്ലെങ്കിൽ ഫലം വിപരീതം

Monday 29 September 2025 10:33 AM IST

നവരാത്രിയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പൂജ വയ്പ്പ്. ഇന്ന് വെെകുന്നേരമാണ് പൂജവയ്ക്കുന്നത്. ഇത്തവണ രണ്ട് ദിവസം അടച്ചുപൂജ കഴിഞ്ഞ് ഒക്ടോബർ രണ്ടിനാണ് പൂജയെടുപ്പും വിദ്യാരംഭവും. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ദേവിക്കുമുന്നിൽ സമർപ്പിച്ച് പൂജിക്കുക എന്നതാണ് പൂജവയ്പ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവയ്പ്പ് നടത്താവുന്നതാണ്. നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവക്കേണ്ടത്. അന്ന് വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശലപ്പണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങൾ പൂജയ്ക്കുവേണ്ടി സമര്‍പ്പിക്കണം.

ഇത്തവണ സെപ്തംബർ 29ന് പകൽ 04.32ന് അഷ്ടമി തുടങ്ങുന്നതിനാൽ ഇന്നാണ് പൂജ വയ്ക്കേണ്ടത്. ആയുധങ്ങൾ പൂജ വയ്‌ക്കേണ്ടത് 30ന് വെെകിട്ടാണ്. പുസ്തകങ്ങൾ പൂജവയ്ക്കുന്നതിനുള്ള സമയം 29ന് വെെകിട്ട് 06.12 മുതൽ 07.20 വരെയാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷം ശുഭകാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും അതിനാൽ നാളെ സൂര്യൻ ഉദിച്ചശേഷമാണ് പൂജാ വയ്ക്കേണ്ടതെന്നും ചില ജ്യോതിഷികൾ അഭിപ്രായപ്പെടുന്നു. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജവയ്ക്കാം.

വീട്ടിലാണ് പൂജ വയ്ക്കുന്നതെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ജ്യോതിഷികൾ പറയുന്നത്. വീട്ടിൽ തന്നെ പൂജവയ്ക്കുമ്പോൾ ആദ്യം പൂജാ മുറി തുടച്ച് വൃത്തിയാക്കുക. നിലവിളക്ക് കഴുകിത്തുടച്ച് വൃത്തിയാക്കി വയ്ക്കണം. അല്പം മഞ്ഞൾവെള്ളം പൂജാ മുറിയിലും പുസ്തകങ്ങൾ പൂജ വയ്ക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തും തളിയ്ക്കുന്നത് നല്ലതാണ്. ശേഷം നിലത്ത് പുസ്തകം വയ്ക്കാം. പുസ്‌തകം പൂജവയ്ക്കുന്നിടത്ത് മൂന്ന് ദെെവങ്ങളുടെ ചിത്രങ്ങൾ ഉറപ്പായും ഉണ്ടായിരിക്കണം. ഗണപതി, സരസ്വതി, ലക്ഷ്മീ ദേവി എന്നിവരുടെ ചിത്രമാണ് വേണ്ടത്. വിളക്ക് തെളിച്ച് കഴിഞ്ഞ് സന്ധ്യ സമയത്ത് വേണം പൂജ വയ്ക്കേണ്ടത്. സരസ്വതി അല്ലെങ്കിൽ ദുർഗ്ഗാ ദേവിയുടെ ചിത്രത്തിന് മുൻപിൽ പുസ്തകങ്ങൾ വയ്ക്കണം.

രണ്ട് ദിവസമാണ് പൂജ വയ്ക്കുക. പൂജവച്ചതിന്റെ അടുത്ത ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി പൂജ നടത്തണം. പുസ്തകം പൂജയ്‌ക്ക് വയ്ക്കുമ്പോൾ കൊളുത്തിയ വിളക്ക് കെടാവിളക്കായി പൂജ കഴിയുന്നത് വരെ സൂക്ഷിക്കണം. കൂടാതെ പുസ്തകങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കണം. പൂജ എടുക്കുമ്പോൾ അരിയിലോ മണ്ണിലോ ഓം ഗം ഗണപതയേ നമഃ എന്നെഴുതിയ ശേഷം പൂജയ്ക്ക് വച്ച പുസ്തകത്തിലെ ഒരു വരിയെങ്കിലും വായിക്കുന്നത് ഉത്തമമാണ്.