'കിംഗ് ഈസ് ബാക്ക്'; മമ്മൂട്ടി വീണ്ടും ക്യാമറയ്‌ക്ക് മുന്നിൽ, സന്തോഷവാർത്ത പങ്കുവച്ച് നിർമാതാവ്
കൊച്ചി: ആരോഗ്യപ്രശ്‌നങ്ങളെല്ലാം മാറിയതിനെത്തുടർന്ന് നടൻ മമ്മൂട്ടി സിനിമാ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. നിർമാതാവ് ആന്റോ ജോസഫ് ആണ് സിനിമാ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഈ വാർത്ത് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ഏഴ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഒക്‌ടോബർ ഒന്ന് ബുധനാഴ്‌ച മുതലാണ് മമ്മൂട്ടി ക്യാമറയ്‌ക്ക് മുന്നിൽ എത്തുന്നത്. ഹൈദരാബാദിൽ വച്ചാണ് ചിത്രീകരണം നടക്കുക.
'വളരെ അപ്രതീക്ഷിതമായി വന്നൊരു ഇടവേളയിലായിരുന്നു മമ്മൂക്ക ഇത്രയും കാലം. ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസാന്നിദ്ധ്യത്തിന്റെയും ബലത്തിലാണ് അദ്ദേഹം അതീജീവിച്ചത്. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും'- ആന്റോ ജോസഫ് കുറിച്ചു.
ആന്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് സന്തോഷം പങ്കുവച്ച് എത്തിയിരിക്കുന്നത്. 'അല്ലേലും തിരിച്ചുവരാതെ എവിടെ പോകാനാണ് ഇനിയും തിരശ്ശീലയിൽ വേഷങ്ങൾ കെട്ടിയാടാൻ ബാക്കിയല്ലേ' , 'കിംഗ് ഈസ് ബാക്ക്', 'ദൈവത്തിന് നന്ദി ', എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയോട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഒക്‌ടോബർ ഒന്ന് മുതൽ 15 വരെയാണ് ഹൈദരാബാദിലെ ഷൂട്ടിംഗ്. ശേഷം ലണ്ടനിലാണ് ഷൂട്ടിംഗ്. പിന്നീട് കൊച്ചിയിൽ തിരിച്ചെത്തും. അവിടെ മോഹൻലാലിനൊപ്പമാകും മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള വൻ താരനിര തന്നെ 'പാട്രിയോട്ടിൽ' അണിനിരക്കുന്നുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ.
ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു.
മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.
പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.