കരൂർ ദുരന്തം; അപകടസ്ഥലം സന്ദർശിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ, പരിക്കേറ്റവരോട് വിവരങ്ങൾ തേടി

Monday 29 September 2025 12:38 PM IST

കരൂർ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. തമിഴ്‌നാട്ടിൽ നിന്നുള്ള കേന്ദ്ര മന്ത്രി എൽ മുരുകൻ, ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ, ജില്ലാ കളക്‌ടർ എന്നിവർക്കൊപ്പമാണ് നിർമല സീതാരാമൻ കരൂരിലെത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ളവരെ കണ്ട് കേന്ദ്രമന്ത്രി വിവരങ്ങൾ തിരക്കി.

ഇക്കഴിഞ്ഞ ശനിയാഴ്‌ച നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41പേർ മരിക്കുകയും നൂറിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദിനും കരൂർ ജില്ലാ ഭാരവാഹികൾക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് സർക്കാരും യഥാക്രമം പത്ത് ലക്ഷം രൂപയും ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കായി മൊത്തം ഒരു കോടി രൂപ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ബിജെപിയും പ്രഖ്യാപിച്ചു.