പാകിസ്ഥാനെ കളിക്കളത്തിനകത്തും പുറത്തും നിലംപരിശാക്കി, ഏഷ്യാ കപ്പോടെ വീണ്ടും തീപ്പൊരി ചിതറി ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം

Monday 29 September 2025 1:10 PM IST

ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹസീൻ നഖ്‌വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സരൂനിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി വാങ്ങാമെന്നും ഇന്ത്യൻ ടീം അറിയിച്ചെങ്കിലും നഖ്‌‌വി അത് സമ്മതിച്ചില്ല. തുടർന്ന് ഇന്ത്യ ട്രോഫി വാങ്ങാതെ പോഡിയത്തിൽ വിജയം ആഘോഷിച്ചു. ട്രോഫി തിരികെ കൊണ്ടുപോകാൻ നഖ്‌വിയും ഉത്തരവിട്ടു. കപ്പ് കൊണ്ടുപോയ നഖ്‌വിയുടെ നടപടി ഇതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പരിഹാസത്തിന് ഇടയായിരുന്നു.

ഇന്ത്യൻ താരങ്ങൾ വിജയാഘോഷം ഗ്രൗണ്ടിൽ നടത്തവെ പാക് താരങ്ങൾ തിരികെ ഡ്രസിംഗ് റൂമിലേക്ക് പോയി വാതിലടച്ചു. സമ്മാനവിതരണത്തിനും അവരെത്താൻ വൈകി. ഇതിനിടെ ഗ്രൗണ്ടിലേക്ക് വന്ന പാക്‌ താരങ്ങൾക്ക്‌ നേരെ ഇന്ത്യൻ ആരാധക‌ർ ഭാരത് മാതാ കി ജയ്, ഇന്ത്യാ..ഇന്ത്യ എന്നിങ്ങനെ ആർപ്പുവിളിച്ചു. മെഡൽ വാങ്ങിയ ശേഷം രണ്ടാം സ്ഥാനക്കാർക്കുള്ള ചെക്ക് വാങ്ങിയ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ചെക്ക് നിലത്തേക്ക് എറിയുകയും ചെയ്‌തു.

ഇങ്ങനെ അത്യന്തം നാടകീയത നിറഞ്ഞാണ് ഏഷ്യാ കപ്പ് അവസാനിച്ചത്. ആദ്യം മുതൽ തന്നെ നാടകീയത നിറഞ്ഞതായിരുന്നു ഏഷ്യാ കപ്പ്. സത്യത്തിൽ ഇത്തവണ ഏഷ്യാ കപ്പ് നടത്താനുള്ള അവകാശം ലഭിച്ചത് ഇന്ത്യയ്‌ക്കായിരുന്നു. എന്നാൽ ഇന്ത്യയിൽ തങ്ങൾകളിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നുമെല്ലാം പാകിസ്ഥാൻ ഭീഷണി മുഴക്കി. ചർച്ചകൾക്കൊടുവിൽ മത്സരം യുഎഇയിലേക്ക് മാറ്റി. ഇന്ത്യയുടെ താൽപര്യം അനുസരിച്ചായിരുന്നു ഇത്.

2023ൽ പാകിസ്ഥാൻ ആയിരുന്നു ഏഷ്യാ കപ്പ് ആതിഥേയർ. അന്ന് ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചു. തുടർന്ന് ഹൈബ്രിഡ് മോഡലിലായി മത്സരങ്ങൾ. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലേക്കാണ് അന്ന് മാറ്റിയത്. ഇരു രാജ്യങ്ങളും തമ്മിലെ അഭിപ്രായഭിന്നതകൾ ഏഴ് പതിറ്റാണ്ട് പഴക്കമുള്ളതാണെങ്കിലും ക്രിക്കറ്റിൽ ഭിന്നത രൂക്ഷമായിട്ട് ഒന്നര പതിറ്റാണ്ടേ ആയിട്ടുള്ളു. 2008ൽ മുംബയ് ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളിലെയും പ്രധാന കായിക വിനോദമായ ക്രിക്കറ്റ് കളിയിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നത്.

ഇരു രാജ്യങ്ങളും തമ്മിലെ പരമ്പരകൾ നിർത്തിവച്ചു. ഐസിസി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ മാത്രമേ ഇരുവരും എതിരിട്ടിരുന്നുള്ളു. അവയിൽ പോലും കാര്യമായ എതിർപ്പുകൾ കളിക്കാർ തമ്മിൽ ഉണ്ടായിരുന്നില്ല. എന്നാൽ പഹൽഗാം ഭീകരാക്രമണം പാകിസ്ഥാൻ നടത്തിയതോടെ അത്തരം മത്സരങ്ങളിൽ പോലും പ്രശ്‌നങ്ങൾ വന്നുതുടങ്ങി. അതാണ് ഏഷ്യാ കപ്പിൽ കണ്ടത്. ഇനിയും ഇത്തരം പ്രശ്‌നങ്ങൾ തുടരാൻ തന്നെയാണ് സാദ്ധ്യത.

ഇത്തവണ ഏഷ്യാ കപ്പിൽ ഇന്ത്യ മൂന്ന് മത്സരങ്ങളാണ് പാകിസ്ഥാനുമായി കളിച്ചത്. ഗ്രൂപ്പ് സ്റ്റേജിൽ ഒന്ന്, സൂപ്പർ ഫോറിൽ ഒന്ന്, ഒടുവിൽ ഫൈനലും. എന്നാൽ ആദ്യ മത്സരം കളിക്കുന്നതിന് മുൻപുതന്നെ ഇന്ത്യ, പാകിസ്ഥാനുമായി കളിക്കരുതെന്ന് വിവിധ കോണുകളിൽ നിന്നും വാദമുയർന്നു. രാജ്യത്തിന് പുറത്തുനിന്നുമല്ല രാജ്യത്തെ ജനങ്ങൾ തന്നെയാണ് ഇത്തരത്തിൽ അഭിപ്രായം പറഞ്ഞത്.

സാധാരണ ജനങ്ങൾ മാത്രമല്ല മുൻ കളിക്കാർ വരെ ഇത്തരം അഭിപ്രായമാണ് പങ്കുവച്ചത്. 'നമുക്കായി അതിർത്തിയിൽ കാവൽനിൽക്കുന്ന പട്ടാളക്കാരൻ അവന്റെ കുടുംബത്തെ പലപ്പോഴും നേരിൽ കാണുന്നില്ല. ഈ ക്രിക്കറ്റുമായി നോക്കുമ്പോൾ അവരുടെ ത്യാഗം വളരെ വലുതാണ്. ഒരു ക്രിക്കറ്റ് മത്സരം നമുക്ക് അതുകൊണ്ട് ഒഴിവാക്കാൻ കഴിയും. ദേശീയ താൽപര്യമാണ് എപ്പോഴും ഒന്നാമത്.' മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ആണ് ഈ അഭിപ്രായം പറഞ്ഞത്.

പിന്നാലെ സോഷ്യൽ മീഡിയയിൽ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കണം എന്നാഹ്വാനം ചെയ്യുന്ന ബോയ്‌കോട്ട് ഹാഷ്‌ടാഗ് പ്രത്യക്ഷപ്പെട്ടു. മത്സരദിവസം കാണികളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. സാധാരണ ഗാലറി നിറഞ്ഞുകവിയാറുള്ള പതിവ്‌തെറ്റി ഇത്തവണ പലപ്പോഴും ടിക്കറ്റ് പൂർണമായും വിറ്റുപോകാതെയിരുന്നു. ഇന്ത്യ-പാകിസ്ഥാൻ മത്സര ദിവസം സമൂഹമാദ്ധ്യമങ്ങളിൽ ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്‌സ് അവരുടെ പ്രൊഫൈലിലിട്ട പോസ്റ്റിൽ പാകിസ്ഥാന്റെ പേര് ഒഴിവാക്കിയിരുന്നു. ഇതെല്ലാം ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം വെറുമൊരു മത്സരം അല്ലെന്നും അതൊരു വികാരമായാണ് ഇന്ത്യയിലെങ്ങും കാണുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്.

'ഇന്ത്യ-പാകിസ്ഥാൻ ദ്വിരാഷ്‌ട്ര കായിക ഇനങ്ങളെ സംബന്ധിച്ച് ഇന്ത്യൻ ടീമുകൾ പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതല്ല. ഇന്ത്യയിൽ നടക്കുന്ന മത്സരയിനങ്ങളിൽ പാകിസ്ഥാനെ പങ്കെടുക്കാനും അനുവദിക്കില്ല.' യുവജന-കായിക മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നതാണിത്. സൗഹൃദ മത്സരങ്ങൾ പോലും ഉണ്ടാകില്ല എന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട് എന്നർത്ഥം.

ഏഷ്യാ‌ കപ്പ്‌ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഗയ്‌ക്ക് കൈകൊടുക്കാൻ തയ്യാറായില്ല. പാക് കോച്ച് മൈക്ക് ഹെസ്സൻ ഇതിനെ നിരാശാജനകം എന്നാണ്‌ വിശേഷിപ്പിച്ചത്. മാച്ച് റഫറി ആന്റി പൈക്രോഫ്‌റ്റ് പറഞ്ഞിട്ടാണ് ഇത്തരത്തിൽ ഇന്ത്യ ചെയ്‌തതെന്ന് പാക് ക്രിക്കറ്റ് ബോർഡ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) പരാതി നൽകി. ഇത് നൽകിയതാകട്ടെ പാക് ക്രിക്കറ്റ് ചെയർമാനും പാകിസ്ഥാനിലെ മന്ത്രിയുമായ നഖ്‌വിയും. പിന്നീട് ഗ്രൂപ്പ് സ്റ്റേജിൽ പാക് ബൗളർ ഹാരിസ് റൗഫിന്റെ ആംഗ്യവും വിവാദമായി. റൗഫിനും സൂര്യയ്‌ക്കും ഐസിസി പിഴശിക്ഷ വിധിക്കുകയും ചെയ്‌തു.

ഇതുകൊണ്ടും തീർന്നില്ല. ഫൈനൽ മത്സരത്തിന് മുൻപ് ട്രോഫിയുമായി ഇരു ക്യാപ്റ്റൻമാരും ഫോട്ടോയെടുക്കുക പതിവുണ്ട്. അതിനും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തയ്യാറായില്ല. ഫൈനൽ മത്സരത്തിന് തൊട്ടുമുൻപ് ഇന്ത്യൻ ദേശീയഗാനം ആലപിക്കുമ്പോൾ പാക് താരങ്ങളായ ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും തമ്മിൽ സംസാരിച്ചതും വളരെ പെട്ടെന്ന് വൈറലായി. ഇത് വലിയ വിമർശനവും ക്ഷണിച്ചുവരുത്തി.

മത്സരം ഇന്ത്യ ജയിച്ച ശേഷം ട്രോഫി കൊണ്ടുപോയ എസിസി പ്രസിഡന്റിന്റെ നടപടിക്കെതിരെ കൂക്കി വിളിച്ചാണ് ഇന്ത്യൻ ആരാധകർ പ്രതികരിച്ചത്. ഇരുടീമുകളും തമ്മിലെ ഭിന്നത വരും നാളുകളിലും തുടരുമെന്ന് തന്നെയാണ് നിലവിലെ സൂചന.