'മമ്മൂക്കയുടേത് ഉഗ്രൻ തിരിച്ചുവരവല്ലേ? അതിനുകാരണം ചോറ്റാനിക്കരയമ്മയാണ്'; അഭിപ്രായപ്പെട്ട് പ്രമുഖ നടൻ

Monday 29 September 2025 3:09 PM IST

2003ൽ മമ്മൂട്ടി നായകനായെത്തിയ ക്രോണിക് ബാച്ച്‌ലർ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് അനിയപ്പൻ. ചുരുക്കം ചില സിനിമകൾ ചെയ്തശേഷം കുറച്ചുകാലം അഭിനയത്തിൽ നിന്നുവിട്ടുനിൽക്കുകയായിരുന്നു അനിയപ്പൻ. അർജുൻ അശോകൻ നായകനായ ആനന്ദ് ശ്രീബാലയെന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുന്നത്. ഇപ്പോഴിതാ അഭിനയരംഗത്തുനിന്ന് വിട്ടുനിന്നതിനെക്കുറിച്ച് അനിയപ്പൻ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്.

'ദേവസ്വം ബോർഡിൽ ജോലി ലഭിച്ചപ്പോഴാണ് സിനിമയിൽ നിന്ന് കുറച്ചുകാലം വിട്ടുനിൽക്കാമെന്ന് കരുതിയത്. ദൈവങ്ങളുടെ അടുത്ത് നിന്ന് ജോലി ചെയ്യാമല്ലോ. ചോ​റ്റാനിക്കര ക്ഷേത്രത്തിലാണ് ജോലി. ദിലീപ് നായകനായ രസികനെന്ന ചിത്രത്തിൽ അഭിനയിച്ചശേഷമാണ് ജോലി ലഭിച്ചത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറായ സിദ്ദു പനയ്ക്കൽ എന്നെ ഒരു സിനിമയിൽ അഭിനയിക്കാനായി വിളിച്ചിരുന്നു. എന്റെ കഥാപാത്രത്തെക്കുറിച്ച് ഒരു മാസം മുൻപേ എന്നോട് സംസാരിച്ചിരുന്നു. ആ സമയത്താണ് ഞാൻ ജോലിക്ക് കയറിയത്.

പാർട്ടി വഴിയാണ് ജോലിക്ക് കയറിയത്. ഷൂട്ടിംഗിന് പോകാൻ കഴിയാത്ത അവസ്ഥയായി.അത് അദ്ദേഹത്തിനും എനിക്കും മാനസിക വിഷമമായി. അതിനുശേഷം ഞാൻ അർജുൻ അശോകൻ നായകനായ ആനന്ദ് ശ്രീബാലയിലൂടെയാണ് വീണ്ടും സിനിമയിലെത്തുന്നത്. സുമതി വളവിലും നല്ലൊരു കഥാപാത്രം ചെയ്തിരുന്നു. ക്രോണിക് ബാച്ച്ലർ എന്ന ചിത്രത്തിൽ ഞാനും ഹരിശ്രീ അശോകനും ചെയ്ത സീൻ ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. അത്രയും വിനയമായിട്ടാണ് അർജുൻ അശോകൻ എന്നോട് പെരുമാറിയത്.

മമ്മൂക്കയുടെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ പോയിരുന്നു. എന്നെ കണ്ടയുടനെ അദ്ദേഹം അടുത്തുവിളിച്ച് ഒരുപാട് സംസാരിച്ചു. ചെറിയ കലാകാരൻമാരെ നന്നായി ശ്രദ്ധിക്കുന്ന ഒരു വലിയ മനുഷ്യനാണ് അദ്ദേഹം. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം നിർമാതാവ് ആന്റോ ജോസഫ് എന്നെ വിളിച്ചിരുന്നു. മമ്മൂക്കയുടെ പേരിൽ ക്ഷേത്രത്തിൽ ഒരു ദിവസത്തെ മുഴുവൻ വഴിപാട് കഴിക്കാനായി എനിക്ക് അദ്ദേഹം ഗൂഗിൾ പേയിൽ പണം അയച്ചുതന്നു. ഞങ്ങൾ നന്നായി പ്രാർത്ഥിച്ചു. ഫലം നന്നായിരുന്നു. ശ്രീകോവിൽ നട തുറന്ന് മേൽശാന്തി എന്നെ നോക്കി നന്നായി ചെയ്തെന്ന് പറഞ്ഞു. ഒരു ഉഗ്രൻ തിരിച്ചുവരവല്ലേ മമ്മൂക്ക ഇപ്പോൾ നടത്തിയിരിക്കുന്നത്. ചോറ്റാനിക്കരയമ്മയുടെ അനുഗ്രഹമല്ലേ'- അനിയപ്പൻ പറഞ്ഞു.