'രാഷ്ട്രീയം എന്തായാലും നമ്മുടെ സഹോദരരാണ്'; കരൂർ ദുരന്തത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് എംകെ സ്റ്റാലിൻ
ചെന്നൈ: കരൂരിൽ നടന്ന ദാരുണമായ ദുരന്തത്തെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങൾ വഴി കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഇത്തരം സന്ദേശങ്ങളെ അപലപിച്ച അദ്ദേഹം 'വിഭാഗീയവും വിഷലിപ്തവുമായ സന്ദേശങ്ങൾ' ഒഴിവാക്കണമെന്ന് വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
'കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിക്കുന്നത് ഞാൻ കണ്ടു. ഇത് വളരെ വേദനാജനകവും നിരുത്തരവാദപരവുമാണ്. ജീവൻ നഷ്ടപ്പെട്ട ആളുകൾ, അവരുടെ രാഷ്ട്രീയ ബന്ധങ്ങൾ എന്തുതന്നെയായാലും, നമ്മുടെ തമിഴ് സഹോദരീസഹോദരന്മാരാണ്' സ്റ്റാലിൻ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്കും പൊതു സംഘടനകൾക്കും ഭാവി പരിപാടികൾ കൂടുതൽ ഉത്തരവാദിത്തോടെ നടത്തേണ്ട കടമയുണ്ട്. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞാൽ, അത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കാൻ എല്ലാ പാർട്ടികളുമായും സംഘടനകളുമായും ചർച്ചകൾ നടത്തുമെന്നും സ്റ്റാലിൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കരൂരിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഞായറാഴ്ച സ്റ്റാലിൻ പ്രഖ്യാപിച്ചു. ഇന്നലെ വിതരണവും ആരംഭിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ വീതം സഹായം നൽകുമെന്നായിരുന്നു പ്രഖ്യാപനം. കരൂരിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഇന്ന് 41 ആയി ഉയർന്നു. മരിച്ചവരിൽ 18 സ്ത്രീകളും 13 പുരുഷന്മാരും അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും ഉൾപ്പെടുന്നു.