'എസ്ഐആർ സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനം'; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

Monday 29 September 2025 3:56 PM IST

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആർ നടപ്പാക്കാനുള്ള നീക്കം നിഷ്കളങ്കമായി കാണാൻ ആകില്ല. കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തിടുക്കപ്പെട്ട് തീവ്ര വോട്ടർ പരിഷ്കരണം നടത്തുന്നതിനെ അങ്ങനെ കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ് നടക്കുന്നത്. രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നത് പ്രായപൂർത്തി വോട്ടവകാശത്തെ നിഷേധിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ സംശയത്തിന്റെ നിഴലിലാണെന്നും മുഖ്യമന്ത്രി. പൗരത്വ നിയമ ഭേദഗതിയെ പൊടിതട്ടിയെടുക്കാൻ ശ്രമിക്കുന്നവർ എങ്ങനെ ഉപയോഗിക്കും എന്ന് പറയാൻ കഴിയില്ല. എസ്ഐആറിനെ എങ്ങനെ ഉപയോഗിക്കും എന്നത് ജനാധിപത്യത്തിൻ്റെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയെ ലീഗ് എംഎൽഎ യു.എ. ലത്തീഫ് അഭിനന്ദിച്ചു. അതേസമയം, പ്രമേയത്തെ അംഗീകരിക്കുന്നുവെന്നും എന്നാൽ ചില വ്യക്തതകൾ കൂട്ടിച്ചേർക്കേണ്ടതുണ്ടെന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ പറ‍ഞ്ഞു. ചില കാര്യങ്ങളിൽ കൃത്യതയും ചില കൂട്ടിച്ചേർക്കേണ്ടതിന്റെയും ആവശ്യകതയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നുള്ളത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നാക്കണം. ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പം പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തെയും ചേർക്കണം. ഈ സംസ്ഥാനത്ത് എസ്ഐആർ അപ്രസക്തമാണെന്ന് ഉൾപ്പെടുത്തണം. കാരണം ബിഹാറിൽ മുസ്ലീങ്ങൾക്കൊപ്പം പട്ടികജാതി പട്ടിക വിഭാഗക്കാരും വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.