പാകിസ്ഥാനില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ വ്യാപക വെടിവെപ്പ്, കൂടുതല്‍ സൈന്യത്തെ അയച്ചു

Monday 29 September 2025 6:45 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നയിക്കുന്ന സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തെ നേരിടാന്‍ കൂടുതല്‍ സൈന്യം രംഗത്ത്. പാക് അധിനിവേശ കാശ്മീരിലെ മുസാഫര്‍ബാദിലാണ് പ്രക്ഷോഭം ശക്തമായി തുടരുന്നത്. പ്രക്ഷോഭത്തിന് നേരെ തിങ്കളാഴ്ച ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.

സാധാരണക്കാരായ പ്രക്ഷോഭകാരികള്‍ പാക് പതാക വീശിയാണ് പ്രതിഷേധത്തിന് എത്തിയത്. ഇതിന് നേരെ പാക് സൈന്യവും ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോണ്‍ഫറന്‍സ് എന്ന സംഘടനയുമാണ് വെടിയുതിര്‍ത്തത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍, മേഖലയിലേക്ക് ആയിരം സൈനികരെ കൂടി അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയാണെന്നും കാലങ്ങളായി ഈ അവഗണന തുടരുകയാണെന്നുമാണ് അവാമി ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.

38 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം തുടരുന്നത്. പാക് അധിനിവേശ കാശ്മീരിലെ 12 അസംബ്ലി മണ്ഡലങ്ങള്‍ കാശ്മീരില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത് ഉള്‍പ്പെടെ മാറ്റണമെന്നാണ് ഇതില്‍ പറയുന്നത്. പ്രക്ഷോഭ മേഖലയിലെ കടകള്‍ ഉള്‍പ്പെടെ അടച്ചാണ് ആളുകള്‍ രംഗത്തുള്ളത്. അവകാശങ്ങള്‍ നേടിയെടുക്കും. പണിമുടക്ക് പ്ലാന്‍ എയാണ്. ജനങ്ങളുടെ ക്ഷമ നശിച്ചു. പ്ലാന്‍ ഡി വരെ പദ്ധതിയിട്ടിട്ടുണ്ട്'' അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു.