ഹോളിവുഡിൽ നിന്ന് അവതാർ 3 , അനാകോണ്ട ക്രിസ്മസിന് അഞ്ച് റിലീസ്

Tuesday 30 September 2025 6:13 AM IST

ആഘോഷമാകാൻ ഭഭബ, സർവ്വം മായ, വലതു വശത്തെ കള്ളൻ

ദിലീപിന്റെ ഭ ഭ ബ, നിവിൻ പോളിയുടെ സർവ്വം മായ, ബിജുമേനോൻ, ജോജു ജോർജ് എന്നിവർ നായകന്മാരായി വലതുവശത്തെ കള്ളൻ , ഹോളിവുഡിൽനിന്ന് അവതാർ 3 , അനാകോണ്ട എന്നീ ചിത്രങ്ങളും ക്രിസ്മസ് റിലീസായി എത്തും.

ദിലീപ് നായകനാവുന്ന മാസ് കോമഡി ചിത്രം ഭ ഭ ബ (ദയം ഭക്തി ബഹുമാനം) വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്നു. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്നു. താരദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് തിരക്കഥ. വൻതാര നിരയിൽ ഒരുങ്ങുന്ന ഭഭബ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു. നിവിൻപോളി - അജു വർഗീസ് കൂട്ടുകെട്ടിൽ എത്തുന്ന സർവ്വം മായ അഖിൽ സത്യൻ സംവിധാനം ചെയ്യുന്നു. തെന്നിന്ത്യൻ താരം പ്രീതി മുകുന്ദൻ ആണ് നായിക. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഫയർ ഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്ന വലതുവശത്തെ കള്ളൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നു.

പൊലീസ് സ്റ്റോറി ആണ് വലതുവശത്തെ കള്ളൻ. സംവിധായകൻ ഡിനു തോമസ് ഇൗലൻ ആണ് രചന. ആഗസ്റ്റ് സിനിമ , സിനിഹോളിക്സ്, ബെഡ് ‌ ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്നു.

ജയിംസ് കാമറൂണിന്റെ എപിക് സയൻസ് ഫിക്ഷൻ ചിത്രം അവതാറിന്റെ മൂന്നാംഭാഗം അവതാർ: ഫയർ ആൻഡ് ആഷ് ഡിസംബർ 19ന് തിയേറ്ററുകളിൽ എത്തും. ട്വന്റീത്ത് സെഞ്ച്വറി സ്റ്റുഡിയോസ് ആണ് വിതരണം.

അനാകോണ്ടാ സിനിമ ഫ്രാഞ്ചെസിയിൽ നിന്നു കോമഡി ഹൊറർ ചിത്രം ആണ് അനാകോണ്ട. അനാകോണ്ട സീരിസിലെ ആറാമത്തെ സിനിമയാണിത്.