അയ്യപ്പസംഗമം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട് !
മഴതോർന്നിട്ടും മരം പെയ്യുന്നെന്ന് പറഞ്ഞതുപോലെ ആഗോള അയ്യപ്പസംഗമം കഴിഞ്ഞിട്ടും ഇതിനെച്ചൊല്ലി എൽ.ഡി.എഫ് , യു.ഡിഎഫ് , ബി.ജെ.പി പോര് തുടരുകയാണ്. സംഗമം പരാജയമെന്ന് സ്ഥാപിക്കാൻ യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ മത്സരിക്കുമ്പോൾ എസ്.എൻ.ഡി.പി, എൻ.എസ്.എസ് ,കെ.പി.എം.എസ് പിന്തുണ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇടതുമുന്നണി. സമദൂര നിലപാട് എൻ.എസ്.എസിന്റെ പ്രഖ്യാപിത നയമാണ്. അയ്യപ്പസംഗമത്തെ പിന്തുണച്ചത് സമദൂരത്തിലെ ശരിദൂരമാണെന്ന് കൂടി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറയുമ്പോൾ തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ യു.ഡി.എഫ് , ബി.ജെ.പി നേതാക്കളുടെ ഉള്ളു പിടയുകയാണ്.
പെരുന്നയിൽ എൻ.എസ്.എസ് ബഡ്ജറ്റ് ബാക്കിപത്ര സമ്മേളനം ദിവസം തന്നെ യു.ഡി.എഫ് കോട്ടയത്ത് രാഷ്ട്രീയ വിശദീകരണം യോഗം നടത്താൻ തിരഞ്ഞെടുത്തുവെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തെങ്കിലും എൻ.എസ്.എസ് നിലപാടിനെ വിമർശിക്കാൻ ആരും ധൈര്യം കാട്ടിയില്ല. ജി.സുകുമാരൻനായരുടെ നിലപാട് സമദൂരം തന്നെയെന്നും അതിൽ മാറ്റമുണ്ടായിട്ടില്ലെന്നും സമർത്ഥിക്കാനായിരുന്നു ശ്രമം. അതേ സമയം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമണ് നടത്തിയത്.
വർഷങ്ങൾക്ക് മുൻപ് രമേശ് ചെന്നിത്തല എൻ.എസ്.എസിന്റെ താക്കോൽസ്ഥാനത്തായിരുന്നു. ഇപ്പോൾ പഴയ അടുപ്പം പോര. വി.ഡി.സതീശനോ, കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫിനോ പെരുന്ന ബന്ധമില്ല. പിന്നെ അടുപ്പമുള്ള നേതാക്കളായ കൊടിക്കുന്നിൽ സുരേഷ് പെരുന്നയിലെത്തി സുകുമാരൻ നായരെ കണ്ടിരുന്നു. പിറകേ മുതിർന്ന കോൺഗ്രസ് നേതാവും എൻ.എസ്.എസ് നേതൃത്വവുമായി ദീർഘകാല ബന്ധവുമുള്ള പ്രൊഫ.പി.ജെ.കുര്യനെത്തി. ഇരുവരും ചർച്ച നടത്തിയിട്ടും മഞ്ഞുരുകിയില്ല. സുകുമാരൻ നായർ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. സമദൂര നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണെന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ഇതേക്കുറിച്ച് കുര്യൻ പ്രതികരിച്ചത്.
തിരഞ്ഞെടുപ്പ് അടുക്കെ എൻ.എസ്.എസ് കോൺഗ്രസുമായി അകലുന്നത് നേതാക്കൾക്ക് ചിന്തിക്കാൻ പോലുമാകില്ല. അടുപ്പിക്കാനുള്ള ശ്രമം ഇനിയും തുടർന്നാലും വെള്ളം ഒഴുകിപ്പോയ ശേഷം അണകെട്ടുന്നതുപോലെ പ്രയോജനമുണ്ടാകില്ലെന്നാണ് ചുറ്റുവട്ടത്തിന്റെ വിലയിരുത്തൽ. സുകുമാരൻനായർ രോഗബാധിതനായി കിടന്നപ്പോൾ പിണറായി വിജയൻ സന്ദർശിക്കാൻ ആദ്യം എത്തിയതോടെയായിരുന്നു മഞ്ഞുരുകലിന് തുടക്കം. അദ്ധ്യാപക നിയമനം ഭിന്നശേഷി വിഷയത്തിൽ തട്ടി ഹൈക്കോടതിയിലെത്തിയപ്പോഴും ഒപ്പം നിന്നു. മറ്റു പല ആവശ്യങ്ങളിലും ഇടതു സർക്കാർ അ നുകൂല നിലപാട് സ്വീകരിക്കുമ്പോൾ എന്തിന് എൻ.എസ്.എസ് എതിർക്കണം ?