ക്ഷേത്ര രേഖകൾ ഡിജിറ്റലാക്കണം
ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. ക്ഷേത്രങ്ങളിൽ ലഭിക്കുന്ന സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്‌തുക്കൾ രജിസ്റ്ററിൽ രേഖപ്പെടുത്തി സ്ട്രോംഗ് റൂമിലേക്ക് മാറ്റുന്ന രീതിയാണ് പൊതുവെ നിലനിൽക്കുന്നത്. രജിസ്റ്ററിൽ നോക്കിയാൽ സ്ട്രോംഗ് റൂമിൽ എന്തെല്ലാം ഉണ്ടെന്ന് അറിയാനാകുമെങ്കിലും, അത് അവിടെത്തന്നെ ഉണ്ടോ എന്നറിയണമെങ്കിൽ എല്ലാം വിശദമായി പരിശോധിക്കേണ്ടിവരും. കൃത്യമായ ഇടവേളകളിൽ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കുന്നവ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് നിയമാവലിയിൽ ഉണ്ടെങ്കിലും ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഇതൊന്നും നടക്കാറില്ല.
ക്ഷേത്രത്തിന്റെ ഉള്ളിൽ നിന്ന് സ്വർണമോ തത്തുല്യമായ മറ്റ് അമൂല്യവസ്തുക്കളോ മോഷണം പോവുകയോ കാണാതാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ മാത്രമാണ് രജിസ്റ്ററുമായി ഒത്തുനോക്കി ഇതെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാറുള്ളത്. ആധുനിക കാലത്ത് ക്ഷേത്രങ്ങളിൽ ലഭിക്കുന്ന എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും ഡിജിറ്റൽ രേഖകളാക്കി കമ്പ്യൂട്ടറിൽ സൂക്ഷിക്കാനാവും. ഓഡിറ്റിംഗ് കൃത്യമായി നടത്താൻ ഇത് ഏറെ സഹായകമാവുകയും ചെയ്യും. സ്വർണപ്പാളി വിവാദത്തെത്തുടർന്ന്, ശബരിമല ക്ഷേത്രത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും ഡിജിറ്റൽ രേഖകളാക്കി സൂക്ഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നതായി പ്രതിപാദിക്കുന്ന, ഞങ്ങളുടെ ലേഖകൻ ടി.എസ്. സനൽകുമാർ എഴുതിയ പ്രത്യേക വാർത്ത കഴിഞ്ഞ ദിവസം 'കേരളകൗമുദി"പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശബരിമലയിൽ കാണിക്കയായും അല്ലാതെയും ലഭിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ, പൂജാപാത്രങ്ങൾ, വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ എന്നിവയുടെ മാറ്റും മൂല്യവും നിർണയിച്ച് അളന്ന് തിട്ടപ്പെടുത്തി രജിസ്റ്ററിൽ ഉൾക്കൊള്ളിച്ച് ദേവസ്വം സ്ട്രോംഗ് റൂമിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ ഇവ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ദേവസ്വം ബോർഡ് ഓഡിറ്റിംഗ് നടത്തിയിട്ടില്ല. ഇക്കാര്യംകൊണ്ടു തന്നെ കാണിക്കയായി ലഭിച്ച വസ്തുക്കൾ സ്ട്രോംഗ് റൂമിൽ എല്ലാം അതേപടി ഉണ്ടെന്നതു സംബന്ധിച്ച് ഉറപ്പ് പറയാൻ ആർക്കും കഴിയില്ലെന്നതാണ് നിലവിലെ അവസ്ഥ. ദാരുശില്പ പീഠങ്ങൾ നഷ്ടപ്പെട്ട കാര്യം ആറുവർഷം കഴിഞ്ഞ് ഇപ്പോൾ ഹൈക്കോടതി നിർദ്ദേശപ്രകാരം അന്വേഷണം വന്നപ്പോഴാണ് ബോർഡിനുതന്നെ പിടികിട്ടിയത്!
കോടതി ഇടപെടലോടെ നിലവിലുള്ള സാധനങ്ങളുടെ ഓഡിറ്റിംഗ് നടത്താനും ഇനി ലഭിക്കുന്നവ ഫോട്ടോഗ്രാഫ് ഉൾപ്പെടെ എടുത്ത് ഡിജിറ്റൽ രേഖകളായി സൂക്ഷിക്കാനുമാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനം ദേവസ്വം ബോർഡ് ഇനിയും വൈകിക്കരുത്. അതുപോലെ തന്നെ, നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാതെ ക്ഷേത്രത്തിന്റെ സ്വത്തുക്കൾ എന്തിനു വേണ്ടിയായാലും മറ്റൊരിടത്തേക്ക് മാറ്റാനും പാടില്ല. ഇത് ശബരിമലയ്ക്കു മാത്രമല്ല ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാക്കണം. സ്ട്രോംഗ് റൂമുകളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെങ്കിൽ അത് സ്ഥാപിക്കാനും എല്ലാ ക്ഷേത്രങ്ങളിലും നടപടി ഉണ്ടാകണം. ഭക്തർ സമർപ്പിക്കുന്ന അമൂല്യവസ്തുക്കൾ ദേവനു മാത്രം അവകാശപ്പെട്ടതാണ്. അത് മനുഷ്യർ എടുത്തുകൊണ്ടു പോകാനുള്ള സാഹചര്യം ഉണ്ടാകരുത്. രേഖകൾ ഡിജിറ്റലാക്കുന്നത് ഉൾപ്പെടെ ആധുനിക കാലത്തെ എല്ലാ സുരക്ഷാമാർഗങ്ങളും നടപ്പാക്കാൻ ബോർഡ് തയ്യാറാകണം.