തേവിയാരുകുന്ന് കുടിവെള്ള പദ്ധതി പാതി വഴിയിൽ ജലവിതരണത്തിനായി ഇറക്കിയ പൈപ്പുകൾ കൂട്ടിയിട്ട നിലയിൽ

Tuesday 30 September 2025 1:32 AM IST

ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് കുടിവെള്ള പദ്ധതി നിർമ്മാണം പാതി വഴിയിൽ. ജലവിതരണത്തിനായി സ്ഥാപിക്കാനിറക്കിയ പൈപ്പുകൾ കൂട്ടിയിട്ട നിലയിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതോടെ പഞ്ചായത്തിന്റെ മൂന്നരക്കോടി രൂപയാണ് എന്തു ചെയ്യണമെന്നറിയാതെ കിടക്കുന്നത്.

വാപ്‌കോസ് എന്ന സ്വകാര്യ കമ്പനിയാണ് പദ്ധതിയുടെ കോൺട്രാക്ട് ഏറ്റെടുത്തത്. എന്നാൽ കോൺട്രാക്ട് ഏറ്റെടുത്ത കമ്പനി നാട്ടുകാരനായ മറ്റൊരാൾക്ക് സബ് കോൺട്രാക്ട് നൽകി.

കോൺട്രാക്ട് ഏറ്റെടുത്തയാൾ ആദ്യ ഘട്ടത്തിൽ തേവിയാരുകുന്നിനു സമീപമുള്ള ആറ്റുമുക്കിൽ പമ്പ് ഹൗസിന്റെയും ഗാലറിയുടെയും പണികൾ ആരംഭിച്ചു. ഇതിനിടയിൽ പഞ്ചായത്ത് ഭരണ സമിതി മാറിയതോടെ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. കോൺട്രാക്ടർക്ക് അനുവദിച്ച തുകയ്ക്കുള്ള ജോലികൾ പൂർത്തിയാക്കിയിട്ടില്ലെന്നുകാട്ടി പുതിയ പഞ്ചായത്ത് ഭരണസമിതി ശേഷിച്ച തുക അനുവദിക്കുന്നതിൽ നിന്നും പിന്നോട്ടുപോയി. നേരത്തേ പദ്ധതി നടത്തിപ്പിനായി കരാറുകാരന് അഡ്വാൻസ് തുകയും നൽകിയിരുന്നു. എന്നാൽ ബാക്കി തുകയും അഡ്വാൻസായി അനുവദിച്ചാലേ തുടർ ജോലികൾ ചെയ്യാൻ കഴിയൂയെന്ന് കരാറുകാരനും നിലപാടെടുത്തതോടെ പദ്ധതി പാതി വഴിയിലായി.

വിഷയങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് കോടതിയെ സമീപിച്ചതോടെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണവും നിലച്ചു.

കുടിവെള്ള പദ്ധതി മുടങ്ങിയതിൽ വ്യാപക പ്രതിഷേധത്തിലാണ് നാട്ടുകാർ.ആദിവാസികൾ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് പദ്ധതിക്കായി ഭൂമി സൗജന്യമായി നൽകിയിട്ടും കുടിവെള്ളമെത്തിക്കാൻ അധികൃതർ ശ്രമിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

പദ്ധതി അനിശ്ചിതത്വത്തിൽ

പഞ്ചായത്തിലെ ഏഴ് വാർഡുകളിലേക്ക് കുടിവെള്ളമെത്തിക്കാനായി ആരംഭിച്ചതാണ് തേവിയാരുകുന്ന് കുടിവെള്ള പദ്ധതി. 3.5കോടി ചെലവ് പ്രതീക്ഷിച്ചു തുടങ്ങിയ പദ്ധതി ഇനി പൂർത്തീകരിക്കണമെങ്കിൽ ഇരട്ടി തുകയാകും. അഞ്ച് വർഷക്കാലമായിട്ടും പദ്ധതി പ്രദേശത്ത് പൈപ്പിടാൻ പോലും നിർമ്മാണമെറ്റേടുത്ത കമ്പനിക്കായിട്ടില്ല. കുടിവെള്ളമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രദേശത്തെ 3350കുടുംബങ്ങളാണ് നിരാശയിലായത്.

കുടിവെള്ളക്ഷാമം

വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശമാണ് ഇവിടുത്തെ വാർഡുകൾ. ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് ജലക്ഷാമം നേരിടുന്നത്.

2020ലെ കോൺഗ്രസ് പഞ്ചായത്ത് ഭരണസമിതി റർബൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് കുടിവെള്ള പദ്ധതിക്ക് മൂന്നരക്കോടി രൂപ അനുവദിച്ചത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ തേവിയാരുകുന്നിൽ പ്ലാന്റ് സ്ഥാപിച്ചാൽ സമീപത്തെ എട്ട് വാർഡുകളിലെ വീടുകളിലേക്ക് വെള്ളമെത്തിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ.

സാമഗ്രികൾ നശിക്കുന്നു

പമ്പ് ഹൗസിന്റെയും ഗാലറിയുടെയും കിണറിന്റെയും ഭാഗിക നിർമ്മാണം മാത്രാണിപ്പോൾ നടന്നിട്ടുള്ളത്. കുടിവെള്ള പദ്ധതിക്കായി നിർമ്മിച്ച പമ്പ് ഹൗസിന്റെയും, കിണറിന്റെയും നിർമ്മാണം നിലച്ചതോടെ കമ്പികൾ തുരുമ്പെടുത്തു. ഗാർഹക കണക്ഷൻ നൽകാനിറക്കിയ പി.വി.സി പൈപ്പുകൾ പല സ്ഥലങ്ങളിലായി കുട്ടിയിട്ട് കാട് കയറിയ നിലയിലാണ്.