സ്ട്രിംഗ് ആർട്ടിലൂടെ 'ഗിന്നസ് റെക്കാഡ് ' ശ്രീകാന്തിനിത് സ്വപ്‌നസാഫല്യം
നെടുമങ്ങാട്: 20,000 മീറ്റർ നൂല് ഉപയോഗിച്ച് ഒമ്പത് മണിക്കൂർ കൊണ്ട് 18 അടി വലിപ്പത്തിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം തുന്നിച്ചേർത്തപ്പോൾ ശ്രീകാന്ത് സ്വന്തമാക്കിയത് ' ഗിന്നസ് വേൾഡ് റെക്കാഡ് ' എന്ന സ്വപ്‌നം. 10 അടിയിൽ നിലവിലുണ്ടായിരുന്ന നേട്ടമാണ് കരിപ്പൂര് ശ്രീനിലയത്തിൽ ശ്രീകാന്ത് മറികടന്നത്. പുരസ്‌കാരം ഉടൻ കൈമാറും.
ചിത്രകലയിലുള്ള പ്രാവീണ്യം കൈമുതലാക്കി 'സ്ട്രിംഗ് ആർട്ട് ' എന്ന ആർട്ട് ഫോമിലൂടെയാണ് ശ്രീകാന്ത് ചെറുപ്പം മുതലുണ്ടായിരുന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞവർഷം നവംബർ 9ന് കരിപ്പൂര് ശ്രീഭദ്രകാളി ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ രാത്രി 9 മുതൽ അടുത്ത ദിവസം രാവിലെ 6 വരെ കഠിനപ്രയത്നം നടത്തിയാണ് ശ്രീകാന്ത് രാഷ്ട്രപിതാവിന്റെ നൂൽചിത്രം പൂർത്തിയാക്കിയത്. പഴയ ഫിലിം റോൾ വച്ചു നിർമ്മിച്ച മോഹൻലാലിന്റെ ചിത്രം,തുന്നലിലൂടെ പൂർത്തിയാക്കിയ ഇന്ദ്രൻസിന്റെ ചിത്രം തുടങ്ങിയ വ്യത്യസ്തമായ ആർട്ട് വർക്കുകളിലൂടെ ഇതിനുമുമ്പും ശ്രീകാന്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
പ്രവാസിയായിരുന്ന ശ്രീകാന്ത് കുളവിക്കോണത്ത് കേക്ക് ആൻഡ് ആർട്ട് എന്ന സ്ഥാപനം നടത്തുകയാണ്. രണ്ടുതവണ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്,ഏഷ്യൻ ബുക്ക് ഒഫ് റെക്കാഡ്,അറേബ്യൻ വേൾഡ് റെക്കാഡ്,യു.ആർ.എഫ് വേൾഡ് റെക്കാഡ് എന്നീ നേട്ടങ്ങളും സ്വന്തമാക്കി. റിട്ട.അദ്ധ്യാപകൻ സുകുമാരന്റെയും കുമാരിയുടെയും മകനാണ്. ഭാര്യ:സ്വാതി. മകൾ: ജാനകി.