മാങ്കാട്ടും,മൊട്ടമൂട്ടിലും ഹൈമാസ്റ്റ് ലൈറ്റ്

Tuesday 30 September 2025 1:17 AM IST

വിതുര: തൊളിക്കോട് പഞ്ചായത്തിലെ പരപ്പാറ വാർഡിലെ മാങ്കാട് ജംഗ്ഷനിലും, മൊട്ടമൂട് ജംഗ്ഷനിലും ഇനി ഹൈമാസ്റ്റ് ലൈറ്റുകൾ വെള്ളിവെളിച്ചം വിതറും. തെരുവ് വിളക്കുകൾ കത്താത്തതുമൂലം മാങ്കാട്, മൊട്ടമൂട് മേഖലകൾ രാത്രിയിൽ കൂരിരുട്ടിൽ മുങ്ങുന്ന അവസ്ഥയിലായിരുന്നു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായിരുന്നു. വെളിച്ചമില്ലാത്ത അവസ്ഥ സംജാതമായതോടെ മോഷ്ടാക്കളും, സാമൂഹികവിരുദ്ധരും മറ്റും തലപൊക്കിത്തുടങ്ങി. പ്രദേശത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷും, പരപ്പാറ വാർഡ് മെമ്പർ ചായം സുധാകരനും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെടുകയും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുകയുമായിരുന്നു.

ഉദ്ഘാടനം ഇന്ന്

തൊളിക്കോട് പഞ്ചായത്തിലെ പരപ്പാറ വാർഡിലെ മാങ്കാട്, മൊട്ടമൂട് എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് നിർവഹിക്കും. പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ അദ്ധ്യക്ഷത വഹിക്കും. തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ലിജുകുമാർ, ബി.തങ്കപ്പൻനായർ, ജി.ഭുവനേന്ദ്രൻ, എ.അരുൺ, ദർപ്പ രാജേന്ദ്രൻ, എസ്.സുഷമ, എ.റസിയ എന്നിവർ പങ്കെടുക്കും.