പാലക്കാട് നിങ്ങളെ സ്വാഗതം ചെയ്യുന്നു
ടൂറിസം കേവലം കാഴ്ചയുടെ മാത്രം വിനോദമല്ലെന്നും അത് പുതിയൊരു സംസ്‌കാരത്തെയും പാരമ്പര്യത്തെയും പൈതൃകത്തെയും അനുഭവിച്ചറിയാലുമാണെന്നും നമ്മെ ഓർമ്മിപ്പിച്ച് വീണ്ടുമൊരു ലോക ടൂറിസം ദിനം കടന്നുപോകുകയാണ്. സമൂഹത്തിലും പരിസ്ഥിതിയിലും ടൂറിസം ചെലുത്തുന്ന സ്വാധീനത്തെക്കൂടി ഓർമ്മപ്പെടുത്തുന്ന ദിനമാണ് ടൂറിസം ദിനം. സാമ്പത്തിക വളർച്ച, സാംസ്‌കാരിക വിനിമയം, സാമൂഹിക ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ ടൂറിസത്തിന്റെ സ്വാധീനം പ്രധാനമാണ്. എല്ലാവരും വിനോദസഞ്ചാരികളായി മാറുന്ന ലോകത്ത് ടൂറിസം വിഭവങ്ങളുടെ കേന്ദ്രമാവുകയും സുസ്ഥിര ടൂറിസം വികസനം സാദ്ധ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് കേരളം.
ശാന്തമായ കായൽപ്പരപ്പും മലനിരകളും കടൽത്തീരങ്ങളും തനതായ സംസ്‌കാരവുംകൊണ്ട് അനുഗൃഹീതമാണ് കേരളം. കൊവിഡിനുശേഷം ലോക ടൂറിസം മേഖലയിലുണ്ടായ പുത്തൻ ട്രെൻഡുകൾക്ക് അനുസൃതമായി ടൂറിസം മേഖലയെ സജ്ജമാക്കിയാണ് കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. സഞ്ചാരികളുടെ വരവിലും വരുമാനത്തിലും റെക്കാഡ് നേട്ടത്തിലെത്തിയ കേരളം സുസ്ഥിര ടൂറിസം വികസനത്തിൽ രാജ്യത്തുതന്നെ മുന്നിലാണ്. 2022ന് ശേഷം ഓരോവർഷവും സഞ്ചാരികളുടെ വരവിൽ റെക്കാഡ് സൃഷ്ടിച്ചു. ആഭ്യന്തര സഞ്ചാരികളുടെയും വിദേശ സഞ്ചാരികളുടെയും വരവ് ഓരോ വർഷവും കൂടിവരികയാണ്. വിദേശ സഞ്ചാരികളുടെ വരവിൽ ഗണ്യമായ വർദ്ധനയാണ് കേരളത്തിലുണ്ടായത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 2,74,028 വിദേശ വിനോദസഞ്ചാരികൾ കേരളത്തിലെത്തി.
കേരളത്തിന്റെ നെല്ലറയായ പാലക്കാടൻ ഗ്രാമങ്ങളിലേക്കും ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്കാണിപ്പോൾ. കാടും മലയും ഗ്രാമീണഭംഗിയും ആസ്വദിക്കാൻ നിത്യവും നിരവധിയാളുകളാണ് എത്തുന്നത്. കരിമ്പനകളുടെ നാട്ടിലെ കാഴ്ചവസന്തങ്ങളിലൂടെ ഒരു ചെറുയാത്ര...
കാഴ്ചയുടെ താഴ്വര
അട്ടപ്പാടിലേക്കുള്ള ചുരം യാത്ര ജില്ലയിലെ അതിമനോഹരമായ അനുഭവം തന്നെയാണ്. സൈലന്റ് വാലി ദേശീയോദ്യാനവും മുഖ്യേ ആകർഷണ കേന്ദ്രമാണ്. അഗളിയിൽ നിന്നു 30കിലോമീറ്റർ ശിരുവാണി റോഡിൽ യാത്ര ചെയ്താലെത്തുന്ന അപ്പർ വരടി മല, ആണ്ടക്കാട് എന്നീ സ്ഥലങ്ങൾ മലനിരകളാൽ മനോഹരമാണ്. ഒന്നിലേറെ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. അഗളിയിൽ നിന്ന് 5 കിലോമീറ്റർ അകലെ കിത്താനടി വെള്ളച്ചാട്ടവും കൊല്ലങ്കടവും കാണാം. പടർന്നു കിടക്കുന്ന പാറക്കെട്ടുകളും അരുവികളാലും നിറഞ്ഞതാണ് മാറാനട്ടി.
മുതലമട- ആൽമരങ്ങളുടെ വേരുകൾ വിസ്മയമൊരുക്കി കാത്തിരിക്കുന്ന ഇടമാണ് മുതലമട റെയിൽവേ സ്റ്റേഷൻ. അൻപേശിവം, പാണ്ടിപ്പട, അമൈതിപ്പട, ഹൃദയം ഉൾപ്പെടെ മുപ്പതോളം സിനിമകളുടെ ലൊക്കേഷനായിരുന്നു ഇവിടം. വടക്കഞ്ചേരി - പൊള്ളാച്ചി റോഡിൽ മുതലമട കാമ്പ്രത്ത്ചള്ളയിൽ നിന്നു 5.7 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
പേരാൽ കാഴ്ചകളുടെ വിസ്മയമാണ് ചിങ്ങൻചിറ ക്ഷേത്രം. മുതലമട റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ്. ചിങ്ങൻചിറയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മീങ്കര ഡാമും 13 കിലോമീറ്റർ അകലെയുള്ള ചുള്ളിയാർ ഡാമും കണ്ടുമടങ്ങാം. ഐതിഹ്യങ്ങളിലൂടെ പേരുകേട്ട സീതാർകുണ്ടും മനോഹരമാണ്. വെള്ളച്ചാട്ടമാണ് ഇവിടെത്തെ പ്രധാന ആകർഷണം. വേനൽ കടുത്തതിനാൽ ഇപ്പോൾ വെള്ളമില്ല. ഹൃദയം, കുഞ്ഞിരാമായണം ഉൾപ്പെടെ സിനിമകളിൽ നിറഞ്ഞുനിന്ന പല്ലാവൂരിലെ വാമലയും കുന്നിൻ ചെരിവുകളും സഞ്ചാരികളെ ആകർഷിക്കുന്നിടമാണ്.
നിളയുടെ വഴികളിലൂടെ
ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരക കഥകളുറങ്ങുകയാണ് മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കലക്കത്ത് ഭവനം. ആർട് ഗ്യാലറിയുമുണ്ട്. പാലക്കാട്- ഒറ്റപ്പാലം റോഡിൽ നിന്ന് ലക്കിടിയിൽ നിന്നു തിരുവില്വാമല റോഡിൽ 2 കിലോമീറ്റർ സഞ്ചരിക്കണം.
വരിക്കാശ്ശേരി മന: പ്രസിദ്ധമായ ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായ വരിക്കാശ്ശേരി മന ഇപ്പോൾ ഏറെ പേരെ ആകർഷിക്കുന്ന ടൂറിസം കേന്ദ്രമാണ്. ഒറ്റപ്പാലത്തു നിന്ന് 6 കിലോമീറ്റർ. തൃത്താല വെള്ളിയാങ്കല്ല്: ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലമാണ് വെള്ളിയാങ്കല്ല്. നിളയുടെ സൗന്ദര്യം ആസ്വദിക്കാനും പുഴയുടെ തീരത്ത് സായാഹ്നം ആസ്വദിക്കാനും നിത്യവും ഏറെ പേരെത്തും. വെള്ളിയാങ്കല്ല് പാലത്തിനു സമീപത്തെ ഡിടിപിസിയുടെ പൈതൃക പാർക്കുണ്ട്. വെള്ളിയാംകല്ലിൽ വിവിധ രുചികൾ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. തൃത്താല സെന്ററിൽ നിന്ന് ഒന്നര കിലോമീറ്റർ അപ്പുറമാണ് തൊടുകാപ്പ്.
തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം നവ്യാനുഭവമാണ്. ഉല്ലാസമേഖലകൾ, ഇക്കോ ഷോപ്പ്, കുട്ടികളുടെ പാർക്ക്, മയിലാടുംപാറയിലേക്കുള്ള നടപ്പാത, ചെറുകുടിലുകൾ, ഏറുമാടങ്ങൾ എന്നിവ ഏറെ മനോഹരം. പെരിന്തൽമണ്ണ – മണ്ണാർക്കാട് റൂട്ടിൽ കരിങ്കല്ലത്താണിയുടെ തൊട്ടടുത്താണ്. മണ്ണാർക്കാട്ടു നിന്ന് 18 കിലോമീറ്റർ ദൂരം.
ചരിത്രവും ഐതിഹ്യവും
ചേരുന്ന ചിറ്റൂർ
തുഞ്ചൻമഠം: ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെ തെക്കേഗ്രാമത്തിൽ ശോകനാശിനി എന്നറിയപ്പെടുന്ന ചിറ്റൂർ പുഴയുടെ തീരത്തായി മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അന്ത്യവിശ്രമ സ്ഥലമുണ്ട്. അദ്ദേഹത്തിന്റെ മെതിയടി, താളിയോല ഗ്രന്ഥങ്ങൾ, എഴുത്താണി എന്നിവ സൂക്ഷിച്ചു വച്ചതുകാണാം. ഗുരുമഠത്തിൽ നിന്നും മീറ്റർ താഴേക്ക് ഇറങ്ങിയാൽ ജപപ്പാറയും കാണാം.
പതിമല: ചിറ്റൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ പോയാൽ വേലന്താവളത്തിനു സമീപം തമിഴ്നാട് അതിർത്തിയിലായി പതിമലയിലെത്താം. ശിലായുഗ കാലഘട്ടത്തിലെ മനുഷ്യർ ഉപയോഗിച്ചിരുന്ന ഗുഹകളും ഗുഹാചിത്രങ്ങളും ഇവിടത്തെ കാഴ്ചയാണ്. അവിടെനിന്നു കൊഴിഞ്ഞാമ്പാറ വഴി ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ ആറാം മൈലിനു സമീപം ഒരു ചെറിയ കുന്നുകാണാം. അതാണു കുന്നംപിടാരി മല. നാട്ടുരാജാക്കന്മാർ രാജ്യങ്ങളിൽ നിന്നുള്ള നീക്കങ്ങൾ നിരീക്ഷിക്കാൻ വാച്ച് ടവറായി ഉപയോഗിച്ചിരുന്നത് ഈ കുന്നാണെന്നും പറയപ്പെടുന്നു. അവിടെനിന്നു ഗോപാലപുരം വഴി മീനാക്ഷിപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ നവീകരിച്ച കമ്പാലത്തറ റെഗുലേറ്ററും കാണാം. ഈ റൂട്ടിലൂടെയുള്ള യാത്രയിൽ ഉടനീളം ഇരുവശങ്ങളിലും വലിയ തെങ്ങിൻതോളും തെങ്ങുകൾക്കു മുകളിലായി കള്ളു പനകളും കാണാം. അതിരാവിലെയും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ഇവിടെയെത്തിയാൽ സാഹസികമായി കള്ളു ചെത്തുന്ന കാഴ്ചകളുമുണ്ട്. കമ്പാലത്തറ ഏരിയുടെ 2 കിലോമീറ്റർ അകലയാണ് വെങ്കലക്കയം ഏരിയും വെങ്കലക്കയം ഡാമും സ്ഥിതി ചെയ്യുന്നത്.
മലമ്പുഴ 'ഓടിച്ചു കാണാം '
മലമ്പുഴയെ വേറിട്ട രീതിയിൽ ആസ്വദിക്കാം. മലമ്പുഴ ഉദ്യാനം, ഫിഷറീസ് വകുപ്പിന്റെ അക്വേറിയം, വനംവകുപ്പിന്റെ പാമ്പ് വളർത്തൽകേന്ദ്രം, റോക്ക് ഗാർഡൻ എന്നിവ കണ്ട് അകമലവാരം റിംഗ് റോഡിലൂടെ കവയിലേക്കുള്ള യാത്ര മനോഹരമാകും. ഒരു വശത്തു മലമ്പുഴ ഡാമും മറുവശത്ത് വനവുമാണ്. അകമലവാരത്ത് എത്തിയാൽ മനോഹരമായ ഒന്നാംപുഴയും മയിലാടിപ്പുഴയും കാണാം. വേലാംകപൊറ്റയിലെ കള്യാറ വെള്ളച്ചാട്ടവും മനോഹരമാണ്. അമ്യൂസ്‌മെന്റ് പാർക്കായ ഫാന്റസി പാർക്കും റോപ് വേയുമുണ്ട്. മലമ്പുഴ ഉദ്യാനത്തിനകത്ത് കെ.ടി.ഡി.സിയുടെ ബോട്ടിംഗ് സൗകര്യമുണ്ട്. തെക്കേ മലമ്പുഴ വഴി പോയാലും ഡാമിന്റെ വശത്തിലൂടെയുള്ള മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.