ദേശീയപാതയുടെ നിർമ്മാണസ്ഥലത്ത് നിന്ന് ബാരിക്കേഡ് കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ

Tuesday 30 September 2025 12:12 AM IST

കൊച്ചി: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകൾ കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിയും സഹായികളായ അന്യസംസ്ഥാന തൊഴിലാളികളും അറസ്റ്റിലായി. എളമക്കരയിൽ സ്വകാര്യനിർമ്മാണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇടുക്കി ഉടുമ്പൻചോല രാജപുരം മുരിക്കശേരി തൊണ്ടിയിൽവീട്ടിൽ ബാബു സെബാസ്റ്റ്യൻ (43), ത്രിപുര സ്വദേശികളായ രാഖേഷ് സർക്കാർ (34), സുഖേദ് സർക്കാർ (27) എന്നിവരാണ് ചേരാനല്ലൂർ‌ എസ്.എച്ച്.ഒ ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പിടിയിലായത്.

ചേരാനെല്ലൂർ സിഗ്നൽ ജംഗ്ഷന് സമീപം അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി നിർമാണക്കമ്പനിയായ ഡെൽഹി ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയറിംഗ് സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡുകളാണ് പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ചത്. ബാബുവിന്റെ നേതൃത്വത്തിൽ 28ന് പുലർച്ചെ മൂന്നിനായിരുന്നു മോഷണശ്രമം. 500 കിലോ വീതം തൂക്കമുള്ള മൂന്ന് ബാരിക്കേഡുകൾ കയറ്റിയ ശേഷം നാലാമത്തെ ബാരിക്കേഡ് കയറ്റാൻ ശ്രമിക്കുന്നതിനിടെ കരാർ കമ്പനിയുടെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. വാൻ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട സംഘം പിക്കപ്പ് വാനിന്റെ രജിസ്ട്രേഷൻ നമ്പറിനെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്.

എളമക്കരയിലെ സ്ഥാപന നടത്തിപ്പുകാരന്റേതാണ് പിക്കപ്പ്‌വാൻ. ബാബുവും തൊഴിലാളികളും ഇവിടെയാണ് താമസം. ആക്രിവിലയ്ക്ക് മറിച്ചു വിൽക്കാൻ വേണ്ടിയാണ് ബാരിക്കേഡുകൾ കടത്താൻ ശ്രമിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.