ഇലവീഴാപൂഞ്ചിറ കല്ലുമലയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതി
അമെനറ്റി സെന്റർ നിർമ്മാണത്തിന് 25 ലക്ഷം
നടപടികൾ ആരംഭിച്ചു ജോസ്. കെ.മാണി എം.പി മേലുകാവ് : ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെന്ററായ കനാൻ നാട് ജംഗ്ഷനിലെ കല്ലുമലയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതികൾക്ക് നടപടി ആരംഭിച്ചു. മന്ത്രി മുഹമ്മദ് റിയാസിന് ജോസ് കെ. മാണി എം.പി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിത്. വിദഗ്ദ്ധസംഘം പദ്ധതി പ്രദേശം സന്ദർശിച്ച് രൂപരേഖ തയ്യാറാക്കി. ഇലവീഴാപൂഞ്ചിറയുടെ പ്രകൃതി ഭംഗിയും സാഹസികതയും വിനോദസഞ്ചാരികൾക്ക് ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. കനാൻ നാട് ജംഗ്ഷനിലെ മേലുകാവ് പഞ്ചായത്ത് വക സ്ഥലത്ത് അമിനറ്റി സെന്റർ നിർമ്മാണത്തിന് എം.പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. മുനിയറ ഗുഹ റോഡ് ഗതാഗതയോഗമാക്കുന്നതിന്റെ ഭാഗമായി കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കും.
കെ.എസ്.ആർ.ടി.സി സർവീസും
കോട്ടയം, ഇടുക്കി ജില്ലകളെ തമ്മിൽ ഇലവീഴാപൂഞ്ചിറയെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ പൊതുഗതാഗതസംവിധാനത്തിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് സർവീസ് തുടങ്ങും. കോട്ടയം പാലാ - ഈരാറ്റുപേട്ട - മേലുകാവുമറ്റം - കാഞ്ഞിരംകവല - മേലുകാവ് - പെരിങ്ങാലി - കനാൻ നാട് - ഇലവീഴാപൂഞ്ചിറ ചക്കിക്കാവ് കൂവപ്പള്ളി മൂലമറ്റം ഇടുക്കി കട്ടപ്പന വഴിയാണ് പുതിയ ബസ് സർവീസ്.