രാജ്യത്ത് അക്രമങ്ങളോ ഭീകരതയോ അനുവദിക്കില്ല; ബിഷ്‌ണോയിയുടെ സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ

Monday 29 September 2025 9:37 PM IST

ഒട്ടാവ: കുപ്രസിദ്ധ കുറ്റവാളിയും ഗുണ്ടാത്തലവനുമായ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. കനേഡിയൻ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസാംഗ്രിയുടേതാണ് പ്രഖ്യാപനം. ബിഷ്ണോയിക്ക് ഭീകരനായി പ്രഖ്യാപിക്കണമെമെന്ന് കനേഡിയൻ എംപി ഫ്രാങ്ക് കാപുട്ടോ ആനന്ദസാംഗ്രിയോട് ആവശ്യപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് നടപടി.

ഈ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിനെതിരെ കാനഡയിലെ നിയമനിർവ്വഹണ ഏജൻസികൾക്ക് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാൻ അധികാരം നൽകും. കനേഡിയൻ നിയമപ്രകാരം, ബിഷ്ണോയി സംഘം കൈവശം വെക്കുന്നതോ നിയന്ത്രിക്കുന്നതോ ആയ വസ്തുവകകളുമായി മനഃപൂർവം ഇടപാട് നടത്തുന്നത് നിലവിൽ ക്രിമിനൽ കുറ്റമാണ്. കൂടാതെ, സംഘത്തിന് പ്രയോജനം ലഭിക്കുമെന്നോ ഉപയോഗിക്കുമെന്നോ അറിഞ്ഞുകൊണ്ട് നേരിട്ടോ അല്ലാതെയോ വസ്തുവകകൾ നൽകുന്നതും ക്രിമിനൽ കുറ്റമാകും.

ഇതുകൂടാതെ, സംഘത്തിൽപ്പെട്ടവരെന്ന് സംശയിക്കുന്നവർക്ക് കാനഡയിലേക്ക് പ്രവേശനം നൽകുന്നത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നിഷേധിക്കാം. കൊലപാതകം, വെടിവയ്പ്പ്, തീവയ്പ്പ്, പിടിച്ചുപറി എന്നിവയിൽ സംഘം ഏർപ്പെടുന്നുണ്ടെന്നും, പ്രത്യേകിച്ച് ഇന്ത്യൻ വംശജരെയും അവരുടെ ബിസിനസുകളെയും സാംസ്കാരിക വ്യക്തികളെയും ലക്ഷ്യമിട്ടാണെന്നും കനേഡിയൻ സർക്കാർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. കാനഡയിൽ അക്രമങ്ങളോ ഭീകരതയോ അനുവദിക്കില്ല. പ്രത്യേകിച്ചും, ചില ജനവിഭാഗങ്ങൾക്കിടയിൽ ഭയവും പേടിയും ഉണ്ടാക്കാൻ വേണ്ടി അവരെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി നേരിടും.," സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകം (2022 മേയ്), രജ്പുത് നേതാവ് സുഖ്ദേവ് ഗോഗാമേദി വധം (2023 ഡിസംബർ), മഹാരാഷ്ട്ര രാഷ്ട്രീയ നേതാവ് ബാബാ സിദ്ദിഖി വധം (2024 ഒക്ടോബർ), നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ട് വീടിന് മുന്നിൽ നടന്ന വെടിവയ്പ്പ് (2025 ഏപ്രിൽ) എന്നിവയാണ്. ബിഷ്ണോയി സംഘവുമായി ബന്ധപ്പെട്ട പ്രധാന കേസുകൾ.

കനേഡിയൻ പൗരനും ഖലിസ്ഥാൻ അനുകൂലിയുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം (2023 ജൂൺ) ബിഷ്ണോയി സംഘത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് തെളിയിച്ചു. ഈ കൊലപാതകം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകാൻ കാരണമായി. സംഘത്തിന്റെ കാനഡയിലെ കാര്യങ്ങൾ നോക്കിയിരുന്ന സഹായി ഗോൾഡി ബ്രാറുമായി കഴിഞ്ഞ ജൂണിലാണ് ബിഷ്ണോയി അകന്നത്.

നിജ്ജാർ കൊലപാതകത്തെ തുടർന്നുള്ള തർക്കത്തിൽ വഷളായ ബന്ധം, ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിഞ്ഞ ശേഷം മെച്ചപ്പെടാൻ തുടങ്ങി. പുതിയ പ്രധാനമന്ത്രിയായ മാർക്ക് കാർണി വന്നതോടെ, കാനഡ ഓഗസ്റ്റ് ഒന്നിന് ഇന്ത്യയിൽ പുതിയ നയതന്ത്ര ഉദ്യോഗസ്ഥനെ നിയമിച്ചു. ഇതിനു പിന്നാലെയാണ് ബിഷ്ണോയിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചുള്ള ഇപ്പോഴത്തെ സുപ്രധാന തീരുമാനം.