പഴയകുന്നുമ്മൽ വില്ലേജ് ഓഫീസിനും വേണം സ്മാർട്ടായൊരു കെട്ടിടം

Tuesday 30 September 2025 5:21 AM IST

കിളിമാനൂർ:സംസ്ഥാനത്തൊട്ടാകെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുമ്പോഴും പഴയകുന്നുമ്മൽ വില്ലേജ് ഓഫീസിന് മാത്രം മാറ്റമില്ല. സ്ഥലപരിമിതിയും അസൗകര്യങ്ങളുമായി വീർപ്പുമുട്ടുകയാണ് ഈ വില്ലേജ് ഓഫീസ്. വിസ്തൃതികൊണ്ടും ജനസാന്ദ്രത കൊണ്ടും ചിറയിൻകീഴ് താലൂക്കിൽ ഏറെമുന്നിലാണ് പഴയകുന്നുമ്മൽ വില്ലേജ് ഓഫീസ്.

കിളിമാനൂർ ബ്ലോക്കിലെ വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ട് ഓഫീസുകളായിട്ടും സ്മാർട്ടാകാതെ പ്രവർത്തിക്കുന്ന ഏക വില്ലേജോഫീസും പഴയ കുന്നുമ്മലിലാണ്. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപത്തെ മിനി സിവിൽ സ്റ്റേഷനിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.സിവിൽ സ്‌റ്റേഷൻ റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലാണെങ്കിലും വില്ലേജോഫീസ് പ്രവർത്തിക്കുന്നത് സിവിൽ സ്റ്റേഷനിലെ കാന്റീനുവേണ്ടി നിർമ്മിച്ചടത്താണ്.

പുതിയകാവ് പൊതുചന്തയ്ക്ക് സമീപം പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് പഴയ ഓഫീസ് പ്രവർത്തിച്ചിരുന്നത്.കാലപ്പഴക്കം കൊണ്ട് കെട്ടിടം ജീർണിച്ചതോടെയാണ്,സിവിൽ സ്റ്റേഷനിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം മാറ്റിയത്. സിവിൽ സ്റ്റേഷന്റെ താഴത്തെ നിലയിൽ സബ് ട്രഷറി പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സൗകര്യം കണക്കാക്കി, താഴത്തെ നിലയിൽ ക്യാന്റിനായി നിർമ്മിച്ച സ്ഥലത്താണിപ്പോൾ പഴയകുന്നുമ്മൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.

പഴയകുന്നുമ്മൽ വില്ലേജ് ഓഫീസ് പരിധിയിൽ

കിളിമാനൂർ ടൗൺ,അടയമൺ,തൊളിക്കുഴി,ചാരുപാറ,മഞ്ഞപ്പാറ തുടങ്ങിയ സ്ഥലങ്ങൾ

17 വാർഡുകളുള്ള പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും ഈ വില്ലേജോഫീസിന്റെ പരിധിയിലാണ്.

ഓഫീസിലെ കാലഹരണപ്പെട്ട ഉപകരണങ്ങൾ

നെറ്റ്‌വർക്ക് സംവിധാനങ്ങളുടെ അപര്യാപ്തത

അടിക്കടിയുള്ള വൈദ്യുതി മുടക്കം