യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് സ്കൂട്ടർ കവർന്ന സംഭവം: രണ്ടുപേർ അറസ്റ്റിൽ

Tuesday 30 September 2025 1:41 AM IST

കാക്കനാട്: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് സ്കൂട്ടർ കവർച്ച ചെയ്ത സംഭവത്തിൽ രണ്ടുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി അക്ഷയ് (25),​ പാലക്കാട് സ്വദേശി സതീശൻ(30) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 22ന് രാത്രി 11ന് പരാതിക്കാരന്റെ സുഹൃത്തുക്കളെ പ്രതികൾ ബി.എം.സി കോളേജിന് മുന്നിൽ ആക്രമിച്ചിരുന്നു. പിന്നീട് ഈ സ്ഥലത്തേക്ക് വന്ന പരാതിക്കാരൻ പ്രശ്നങ്ങളിൽ ഇടപെട്ടു. തുടർന്ന് സ്ഥലത്ത് നിന്നു പോയ പരാതിക്കാരനെ പ്രതികൾ പിന്തുടർന്നെത്തി തൃക്കാക്കര പൈപ്പ് ലൈനിലെ 24 കഫേയുടെ മുന്നിൽവച്ച് കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വാഹനം കവ‍ർന്നെടുക്കുകയുമായിരുന്നു.

ഈ വിഷയത്തിൽ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുകയും ഇന്നലെ പുലർച്ചെ ഒരു മണിയോടുകൂടി ഇടപ്പള്ളി ലുലു മാളിന് മുൻവശം വച്ച് പ്രതികളെ പിടികൂടുകയുമായിരുന്നു. ഈ കേസിലെ ഒന്നാംപ്രതി അക്ഷയ്ക്ക് കാപ്പാ കേസ് ഉൾപ്പെടെ തൃശൂർ,​ പാലക്കാട് ജില്ലകളിലായി പതിനേഴോളം കേസ് നിലവിലുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.എസ്.ഷിജുവിന്റെ നിർദ്ദേശാനുസരണം തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി. നായരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ വി.ബി.അനസ്, ജാഫർ, സി.പി.ഒ.സാൽമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.