16കാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

Tuesday 30 September 2025 1:50 AM IST

കൊച്ചി: സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയത്തിലായ 16കാരിയെ പ്രണയം നടിച്ച് രണ്ടുവർഷം മുമ്പ് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടി പ്രായപൂ‌ർത്തിയായ ശേഷം വിവാഹവാഗ്ദാനം നൽകിയും പീഡനം തുടർന്നതിനാൽ പ്രതിക്കെതിരെ പോക്സോ വകുപ്പും ബി.എൻ.എസ് ആക്ടും ചുമത്തി. പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രതിയുടെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ 16കാരിയേയും പൊലീസ് ചോദ്യം ചെയ്തു.

കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ അൻസിലാണ് (19) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: എറണാകുളം നോർത്ത് പരിധിയിൽ താമസിക്കുന്ന പെൺകുട്ടി 2022ലാണ് പീഡനത്തിന് ഇരയായത്. ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷവും ബന്ധം തുടർന്നു.

ഇതിനിടെ അൻസിൽ കോഴിക്കോട് സ്വദേശിയായ 16 കാരിയുമായി ബന്ധം സ്ഥാപിച്ചതോടെ എറണാകുളത്തെ പെൺകുട്ടിയുമായി അകന്നു. അൻസിലിന്റെ മൊബൈൽഫോണിൽ പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ കാണാനിടയായ കോഴിക്കോട് സ്വദേശിനി ഇവ അമ്മയുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടി എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തപ്പോൾ നടത്തിയ പീഡനത്തിലാണ് പോക്സോ ചുമത്തിയത്.