ഇലക്ട്രിക് വാഹനങ്ങളില്‍ ഇനി ഇക്കാര്യം നിര്‍ബന്ധം; നിര്‍ണായക തീരുമാനം ഇങ്ങനെ

Monday 29 September 2025 10:07 PM IST

കൊച്ചി:ഇലക്ട്രിക് വാഹനങ്ങള്‍ നിരത്ത് കീഴടക്കുന്നത് തുടരുകയാണ്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതോടെ കൂടുതല്‍ ആളുകള്‍ പെട്രോള്‍ - ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഇ.വികളിലേക്ക് മാറുന്നുണ്ട്. റോഡിലുള്ള ഇ.വികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ നിര്‍ണായകമായ തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

വൈദ്യുതി വാഹനങ്ങള്‍ക്ക് ശബ്ദം ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം ഒരുങ്ങുന്നു. 2027 ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. അടുത്ത വര്‍ഷം ഒക്ടോബര്‍ ഒന്നിന് ശേഷം നിര്‍മ്മിക്കുന്ന കാറുകളും ട്രക്കുകളും അടക്കമുള്ള വൈദ്യുതി വാഹനങ്ങള്‍ക്ക് സുരക്ഷാ മാര്‍ഗ നിര്‍ദേശമെന്ന നിലയില്‍ അക്കൗസ്റ്റിക് വാഹന അലര്‍ട്ട് സിസ്റ്റം(എ.വി.എ.എസ്) നിര്‍ബന്ധമാക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ കരട് നിര്‍ദേശത്തില്‍ പറയുന്നു.

കാല്‍നട യാത്രക്കാര്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നതിനാണ് പുതിയ സംവിധാനം. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ മാറ്റം വരുത്തും. ചുരുക്കം കമ്പനികളുടെ വിവിധ മോഡലുകളില്‍ നിലവില്‍ എ.വി.എ.എസ് സംവിധാനമുണ്ട്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഈ സംവിധാനം നടപ്പാക്കിയിരുന്നു. മറ്റ് വാഹനങ്ങള്‍, കാല്‍നട യാത്രക്കാര്‍ക്ക് ഇ.വികളുടെ നിശബ്ദത പലപ്പോഴും അപകടമുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന പരാതി വ്യാപകമാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിര്‍ണായകമായ മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന.