കന്റോൺമെന്റ് പ്രദേശത്തെ വഴികൾ അടക്കാൻ വീണ്ടും നീക്കം; പ്രതിഷേധവുമായി ജനങ്ങൾ

Monday 29 September 2025 10:15 PM IST

കണ്ണൂർ: കൻോൺമെന്റ് പ്രദേശത്തെ പ്രധാനവഴികളും പൊതുസ്ഥലങ്ങളും സുരക്ഷാ മേഖലയാക്കാൻ നീക്കം. ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ അടക്കപ്പെടും. ഡിഫൻസ് ഭൂമിയായി പ്രഖ്യാപിച്ച് നേരത്തെയും കന്റോൺമെന്റ് അധികൃതർ ശ്രമം നടത്തിയിരുന്നെങ്കിലും ശക്തമായ ജനകീയ എതിർപ്പിന് മുന്നിൽ പിന്മാറുകയായിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം വഴിയടക്കാനുള്ള നീക്കം പുനരാരംഭിച്ചിട്ടുണ്ട്.

കന്റോൺമെന്റ് മേഖല മുഴുവനായി വേലികെട്ടി സുരക്ഷാമേഖലയാക്കിയാൽ ജില്ലാ ആശുപത്രി- ബസ് സ്റ്റാൻഡ് റോഡ്, അഞ്ചുകണ്ടി ചിറക്കൽ കുളം റോഡ്, ആയിക്കര ഫിഷ് മാർക്കറ്റിന് മുൻവശത്തുള്ള എം.ഇ.എസ് റോഡ് എന്നിവയെല്ലാം അടക്കപ്പെടും.ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാന ബൈപാസ് റോഡാണ് അഞ്ചുക്കണ്ടി ചിറക്കൽ കുളം റോഡ്.പട്ടാള ഭൂമിയെന്ന് പ്രഖ്യാപിച്ച് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലുള്ള മൈതാനം പട്ടാളം വേലികെട്ടി തിരിച്ചിരുന്നു.

വീണ്ടും പ്രക്ഷോഭവഴിയിൽ

കാലങ്ങളായി ഉപയോഗിക്കുന്ന റോഡുകൾ അടക്കുന്നത് പ്രദേശത്ത് വലിയ ദുരിതം ഉണ്ടാക്കുമെന്നാണ് നാട്ടുകാരും ഡ്രൈവർമാരും പറയുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന പട്ടാളത്തിന്റെ നടപടികൾക്കെതിരേ ശക്തമായ ജനരോഷം ഉയരുന്നത്. നടപടിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ ഒരുക്കം.

കന്റോൺമെന്റ് മേഖല പൂർണമായും അടച്ചാൽ

ജില്ലാ ആശുപത്രിയിൽ നിന്ന് ബസ് സ്റ്റാൻഡിലെത്താൻ മൂന്ന് കിലോമീറ്റർ ദൂരം കൂടും.

എം.ഇ.എസ് റോഡ് അടച്ചാൽ ആയിക്കരയും നഗരവുമായുള്ള ബന്ധം ഇല്ലാതാകും