അതുല്യയുടെ മരണം: ഭർത്താവ് സതീഷ് ശങ്കറിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി; കസ്റ്റഡിയിലെടുക്കാൻ സാദ്ധ്യത

Monday 29 September 2025 10:25 PM IST

കൊല്ലം: ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പ്രതിയായ സതീഷ് ശങ്കർ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.

വൈകീട്ട് 4.15ഓടെയാണ് സതീഷ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മൊബൈൽ ഫോൺ വിവരങ്ങൾ അടക്കം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം ഇയാളെ കസ്റ്റഡിയിലെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന.

അതുല്യയുടെ മരണത്തിൽ കൊലക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സതീഷിനെതിരെ കേസെടുത്തത്. കേസിൽ മുൻകൂർ ജാമ്യം നേടിയശേഷമാണ് സതീഷ് ഷാർജയിൽനിന്ന് നാട്ടിലെത്തിയത്. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യമുണ്ടായിരുന്നതിനാൽ വിട്ടയച്ചിരുന്നു. ഇതിനു ശേഷമാണ് പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

കേസിൽ പ്രതിക്കെതിരെ ചുമത്തിയ കൊലക്കുറ്റം നിലനിൽക്കില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. കൊലപാതകത്തിന് തെളിവുകളില്ലാത്ത സാഹചര്യത്തിൽ ആത്മഹത്യപ്രേരണയ്ക്കുള്ള വകുപ്പാണ് ചുമത്തേണ്ടിയിരുന്നത്. എന്നാൽ, പ്രോസിക്യൂഷൻ ഈ വകുപ്പ് ഉൾപ്പെടുത്താതിരുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി

ജൂലായ് 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് വർഷങ്ങളായി ഷാർജയിൽ ജോലി ചെയ്‌തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയായിരുന്നു മരണം. സതീഷും ഷാർജയിലെ ഒരു കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു. അതുല്യയുടെ മരണത്തിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 11 വർഷം മുമ്പായിരുന്നു അതുല്യയും സതീഷും തമ്മിലുള്ള വിവാഹം.