കള്ളുഷാപ്പ് മാനേജരെ കുത്തിയ കേസിലെ പ്രതികൾക്ക് 8 വർഷം കഠിനതടവും പിഴയും
ആലപ്പുഴ: കള്ളുഷാപ്പ് മാനേജരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക് എട്ട് വർഷവും ഒരുമാസവും കഠിനതടവും അറുപതിനായിരം രൂപ വീതം പിഴയും വിധിച്ചു. രാമങ്കരി പഞ്ചയത്ത് ഒമ്പതാംവാർഡിൽ പുതുക്കരിമുറി വെട്ടത്ത്പറമ്പ് വീട്ടിൽ വിമൽകുമാർ (37), മുട്ടാർ പഞ്ചായത്ത് ഒന്നാം വാർഡിൽ മിത്രക്കരിമുറി വാളൻപറമ്പ് വീട്ടിൽ കണ്ണൻ എന്ന ശ്രീക്കുട്ടൻ (27) എന്നിവരെയാണ് ശിക്ഷിച്ചത്. രാമങ്കരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഖാ ലോറിയൻ ആണ് ശിക്ഷ വിധിച്ചത്.
മിത്രക്കരി ടി.എസ് 44 സൗത്ത് കള്ളുഷാപ്പിലെ മാനേജരായ രാമങ്കരി പഞ്ചായത്ത് നാലാം വാർഡിൽ കോമരത്ത്ശ്ശേരി വീട്ടിൽ കുഞ്ഞുമോനെയാണ് (62) പ്രതികൾ ആക്രമിച്ചത്. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം.കള്ള് ചോദിച്ച സമയത്ത് നൽകിയില്ലെന്ന വിരോധത്തിൽ പ്രതികൾ കുപ്പി പൊട്ടിച്ച് വയറ്റിൽ കുത്തി പരിക്കേൽപ്പിക്കുകയും തടഞ്ഞ് വച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
രാമങ്കരി സ്റ്റേഷൻ എസ്.ഐ ബാബുരാജാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ ജെ.ആനന്ദക്കുട്ടൻ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ നടപടികൾ സി.പി.ഒ അനീഷ് അബു ഏകോപിപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രവീൺ ഹാജരായി.