ഉത്സവക്കാലം വന്നെത്തി, നാട്ടാനക്ഷാമത്തിൽ ആശങ്ക

Tuesday 30 September 2025 12:00 AM IST

തൃശൂർ: ഉത്സവക്കാലം വന്നെത്തിയതോടെ നാട്ടാനക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിൽ ഉത്സവ പ്രേമികൾ. നാട്ടാനകളുടെ എണ്ണം കുറഞ്ഞു വരുമ്പോൾ പരിഹാരം കാണുന്നതിന് അന്യസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിനുള്ള അനുമതി നൽകുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന വിമുഖതയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ട് വർഷം മുമ്പ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിന് അനുമതി നൽകിയിരുന്നു. പ്രധാന ഉത്സവങ്ങളും കുടുംബക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമടക്കം 30000ത്തിലേറെ ആന എഴുന്നള്ളിപ്പുകളാണ് സംസ്ഥാനത്ത് നടക്കുന്നത്. നിലവിൽ 350ഓളം നാട്ടാനകളെ മാത്രമാണ് എഴുന്നള്ളിപ്പുകൾക്കായി ലഭിക്കുക. അനുകൂല തീരുമാനം ഉണ്ടാകാത്ത പക്ഷം ഏതാനും വർഷത്തിനുള്ളിൽ ആന എഴുന്നള്ളിപ്പ് ഇല്ലാതാകുമെന്ന് ഉത്സവ നടത്തിപ്പുകാർ പറയുന്നു. നിലവിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നാട്ടാന പരിപാലന ചട്ടപ്രകാരം എഴുന്നള്ളിപ്പ് വളരെ ദുഷ്‌കരമെന്നും ചൂണ്ടിക്കാണിക്കുന്നു.

അനുമതിക്ക് 20 ഓളം പേർ

ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിന് 20 പേർ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിക്കാത്തതിനാൽ തുടർനടപടികളിലേക്ക് കടക്കാനാകില്ല. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ഹാജരായി അഭിപ്രായം രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടും നീട്ടിക്കൊണ്ടുപോകുകയാണെന്നും ആരോപണമുണ്ട്. തൃശൂർ ജില്ലയിൽ മാത്രം ഒരു ദിവസം തന്നെ അറുപതോളം ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളുമുണ്ട്.