ബിന്ദു പദ്മനാഭന്റെ സ്ഥലമിടപാടുകൾ അന്വേഷണത്തിൽ നിർണായകം
ചേർത്തല : കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിൽ കേസിൽ സ്ഥലമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണസംഘം. ബിന്ദുജീവിച്ചിരുന്നപ്പോഴും മരിച്ച 2006നു ശേഷവും ബിന്ദുവിന്റെ പേരിൽ നടത്തിയിരിക്കുന്ന സ്ഥലമിടപാടുകൾ നിർണായകമാകും.എല്ലാ ഇടപാടുകളിലും സെബാസ്റ്റ്യൻ ഇടനിലക്കാരനായിരുന്നു.
2006 മേയ് 7ന് ബിന്ദു പദ്മനാഭനെ പള്ളിപ്പുറത്തെ വീട്ടിൽ വെച്ചു കൊലപ്പെടുത്തിയതായാണ് സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുക അസാദ്ധ്യമായതിനാൽ മറ്റു തെളിവുകൾ പരമാവധി സമാഹരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
2002 ആഗസ്റ്റിൽ മാതാവ് അംബികാദേവിയുടേയും,ഒക്ടോബറിൽ പിതാവിന്റെയും മരണത്തിന് ശേഷം 2003ൽ തന്നെ അമ്മയുടെ പേരിൽ കടക്കരപ്പളളിയിലുണ്ടായിരുന്ന സ്ഥലം വ്യാജ വിൽപത്രം തയ്യാറാക്കി ബിന്ദു സ്ഥലം കൈമാറ്റം നടത്തിയിരുന്നു. ബിന്ദുവിന് അകാശപ്പെട്ട സ്ഥലങ്ങളും വിൽപ്പന നടത്തിയിരുന്നു. ബിന്ദുവിന്റെ സഹോദരൻ പ്രവീൺകുമാർ അബ്കാരി ബിസിനസിൽ സർക്കാരിന് സോൾവൻസിയായി നൽകിയ അംബികാദേവിയുടെ പേരിലുള്ള 31 സെന്റ് സ്ഥലം ചേർത്തല സ്വദേശിയായ ആധാരം എഴുത്തുകാരൻ വ്യാജരേഖ തയ്യാറാക്കി അയാളുടെ ഭാര്യയുടെ പേരിലേയ്ക്ക് മാറ്റിയിരുന്നു.മാത്രമല്ല ഈ സ്ഥലം ഈടുനൽകി ചേർത്തലയിലെ അർബൻ ബാങ്കിൽ നിന്ന് വായ്പയും എടുത്തിരുന്നു.സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് ഈ പ്രമാണം റദ്ദ് ചെയ്തിരുന്നു.
ബിന്ദുവിന്റെ പേരിൽ അമ്പലപ്പുഴയിലുണ്ടായിരുന്ന സ്ഥലത്തിന് ബിന്ദു കൊല്ലപ്പെട്ട ദിവസം തന്നെയാണ് പള്ളിപ്പുറം സ്വദേശിയുമായി കരാറിലേർപ്പെട്ടത്. ബിന്ദുവിന്റെ പേരിൽ ഇടപ്പളളിയിലുണ്ടായിരുന്ന കോടികൾ വിലവരുന്ന സ്ഥലം 2013 ഒക്ടോബറിൽ വ്യാജ മുക്ത്യാർ ഉപയോഗിച്ച് സെബാസ്റ്റ്യൻ ആദ്യം തന്റെ ബന്ധുവിനും പിന്നീട് കൊല്ലം സ്വദേശിക്കും വിറ്റിരുന്നു.സ്ഥലത്തിന്റെ മുൻ പ്രമാണം ലഭിക്കുന്നതിനായാണ് ബന്ധുവിന് ആദ്യംസ്ഥലം കൈമാറിയത്.1.40 കോടി രൂപയ്ക്കാണ് കൊല്ലം സ്വദേശിക്ക് സ്ഥലം വിൽപ്പന നടത്തിയത്. ഇതിൽ വ്യാജരേഖ നിർമ്മിച്ചതിലടക്കം സെബാസ്റ്റ്യൻ ഉൾപ്പെടെ 11 പേരെ പ്രതിയാക്കിയുള്ള കേസും നിലവിലുണ്ട്.അതിന്റെ വിചാരണ ചേർത്തല കോടതിയിൽ ആരംഭിച്ചിരുന്നു. നിർണായകമായ ഈ ഇടപാടുകളിൽ പങ്കാളികളായവർ പ്രതികളായോ സാക്ഷികളായോ കൊലപാതക കേസിൽ ഉൾപ്പെടും.
സെബാസ്റ്റ്യൻ വീണ്ടും റിമാൻഡിൽ
കേസിൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട സെബാസ്റ്റ്യനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കസ്റ്റഡി കാലാവധി കഴിയുന്നതിന് ഒരു ദിവസം മുന്നേയാണ് കോടതിയിൽ ഹാജരാക്കിയത്.അഞ്ചു ദിവസം കസ്റ്റഡിയിൽ ലഭിച്ച സെബാസ്റ്റ്യനെ കൂടുതൽ സമയവും ചോദ്യം ചെയ്യുന്നതിനാണ് ചെലവിട്ടത്. അടുത്ത ഘട്ടത്തിൽ കൂടുതൽ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനും നീക്കമുണ്ട്.