വിഭാഗീയത; ഡി.വൈ.എഫ്.ഐ പുന്നമട മേഖലാസമ്മേളനം മാറ്റിവച്ചു
ആലപ്പുഴ: പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ മേഖലാസമ്മേളനം മാറ്റിവച്ചു. കൊറ്റംകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പുന്നമട മേഖലാസമ്മേളനമാണ് പ്രതിനിധികളുടെ കുറവുകാരണം നടക്കാതെ പോയത്. 80പ്രതിനിധികളിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. തുടർന്ന് ഉദ്ഘാടകനായെത്തിയ ഡി.വൈ.എഫ്.ഐ ജില്ലസെക്രട്ടറിയും നേതാക്കളും മടങ്ങിപ്പോയി.
ആലപ്പുഴ നഗരസഭയിലെ നാലുവാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും ശക്തമായ വേരോട്ടമുള്ളതാണ്. സ്വാഗതസംഘം രൂപീകരിച്ച് ആഴ്ചകളായി പ്രവർത്തിച്ചിട്ടും ഭൂരിഭാഗം പ്രതിനിധികളും വിട്ടുനിന്നത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.
ആളുകുറഞ്ഞതിനെച്ചൊല്ലി നേതാക്കൾ പരസ്പരം പരിചാഴിയതോടെ നേതൃത്വം ഇടപെട്ട് സമ്മേളനം നിറുത്തിവയ്ക്കുകയായിരുന്നു. വിഭാഗീയതയെത്തുടർന്ന് ചില യൂണിറ്റ് ഭാരവാഹികളെ ഒഴിവാക്കിയതും ചിലർ ഗുരുവായൂരിലേക്ക് പോയതുമാണ് പ്രതിനിധികൾ കുറയാൻ കാരണമെന്നാണ് അറിയുന്നത്.
15 യൂണിറ്റ് സമ്മേളനങ്ങളിൽ 10എണ്ണം മാത്രമാണ് നടന്നത്. യൂണിറ്റ് സമ്മേളനം പൂർത്തിയാക്കാതെ മേഖലാസമ്മേളനം നടത്തിയത് ചിലയാളുകളെ മനപൂർവം ഒഴിവാക്കാൻ വേണ്ടിയാണെന്നും പരാതിയുമുണ്ട്.
പ്രാദേശിക സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വത്തോടുള്ള പ്രവർത്തകരുടെ എതിർപ്പാണ് സമ്മേളനത്തിലേക്ക് ആളുകൾ എത്താതിരുന്നതെന്നും അറിയുന്നു. എന്നാൽ, സംഘാടനപരമായ നടപടിക്രമം പാലിച്ചുമാത്രമേ സമ്മേളനം നടത്താൻ കഴിയൂവെന്നും അതിനാലാണ് മാറ്റിവച്ചതെന്നുമാണ് നേതാക്കളുടെ വിശദീകരണം.