പുതുക്കിയ എ.സി റോഡിൽ തുടർച്ചയായി അപകടങ്ങൾ
കുട്ടനാട്: ചങ്ങനാശേരി പെരുന്ന മുതൽ കളർകോട് വരെ 24 കിലോമീറ്റർ ദൂരമുള്ള ആലപ്പുഴ - ചങ്ങനാശേരി റോഡ് നവീകരിച്ചതോടെ അപകടങ്ങളുടെ പെരുമഴ. കിടങ്ങറ, മാമ്പുഴക്കരി, രാമങ്കരി, പള്ളിക്കുട്ടുമ്മ, മങ്കൊമ്പ്, നെടുമുടി ജംഗ്ക്ഷനുകളിൽ വാഹനാപകടങ്ങൾ പതിവായതോടെ യാത്രക്കാരും നാട്ടുകാരും ഭീതിയിലാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നെടുമുടി, പുളിങ്കുന്ന്, രാമങ്കരി സ്റ്റേഷൻ അതിർത്തികളിൽ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞദിവസം പുലർച്ചെ പള്ളാത്തുരുത്തി പാലത്തിന് കിഴക്കുവശം ടൊയാട്ടാ കാറും തമിഴ്നാട്ടിൽ നിന്നുള്ള ലോറിയും കൂട്ടയിടിച്ചതാണ് അവസാന സംഭവം. വിഴിഞ്ഞത്ത് നിന്ന് ആലപ്പുഴ കൃപാസനം പ്രാർത്ഥനാ സെന്ററിലേക്ക് പോകുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സാരമായി പരിക്കേറ്റു. തുടർന്ന് ഇവരെ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുദിവസം മുമ്പ് പള്ളിക്കുട്ടുമ്മ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിക്കുകയും തൊട്ടുപിന്നാലെയുണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാത്രി പള്ളിക്കുട്ടുമ്മ മണലാടി മുക്ക് ജംഗ്ക്ഷനിൽ കാറുംബൈക്കും കൂട്ടിയിടിച്ച് അബ്ദുൾ സത്താർ എന്ന സിവിൽ പൊലീസ് ഓഫീസർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു.
മാമ്പുഴക്കരി ജംഗ്ക്ഷനിൽ കാറ് നിയന്ത്രണം വിട്ട് ഫുട് പാത്തിലേക്ക് ഇടിച്ചു കയറി ബേക്കറിയും പെട്ടിക്കടയും തകർന്നത് ഇതിന് തൊട്ടടുത്ത ദിവസം രാത്രിയായിരുന്നു. രാമങ്കരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബൈക്കും സ്കൂൾ ബസും കൂട്ടിയിടിച്ചതും കിടങ്ങറ കോരവളവിൽ ലോറി നിയന്ത്രണം വിട്ട് എ.സി കനാലിൽ പതിച്ചതുമെല്ലാം അടുത്തിടെയായിരുന്നു.
കെണിയായി നടപ്പാത
1.ഇരുവശത്തായി അഞ്ച് അടിയിലേറെ വീതിയിൽ നിർമ്മിച്ച നടപ്പാത റോഡിന്റെ വീതി കുറയുന്നതിന് കാരണമായി
2.റോഡിൽ നിന്ന് ഒരടിയിലേറെ പൊക്കത്തിലുള്ള ഈ നടപ്പാത കാരണം വാഹനങ്ങൾ മാറ്റി നിർത്താൻ സാധിക്കാറില്ല
3.എ.സി റോഡിലെ ഒരു ജംഗ്ഷനിലും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലാത്തതും അപകടം വിളിച്ചുവരുത്തുന്നു
4.അപകടം ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം
റോഡിന്റെ ദൈർഘ്യം
24 കി.മീ
എ.സി കനാലിനോട് ചേർന്നുള്ള വശത്ത് നിർമ്മിച്ച നടപ്പാതയ്ക്ക് മുകളിലായി പുതിയ പൈപ്പുലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകുന്നതോടെ നടപ്പാതയുടെ പ്രസക്തി തന്നെ ഇല്ലാതാകും. കോടികൾ പാഴായതും റോഡിന്റെ വീതി കുറഞ്ഞതും മാത്രം മിച്ചം
- പ്രദേശവാസികൾ