വിദേശ സിനിമയ്ക്കും ട്രംപിന്റെ 100% തീരുവ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി തീരുന്നില്ല. യു.എസിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100 % തീരുവ ചുമത്തുമെന്നാണ് പുതിയ പ്രഖ്യാപനം. വിദേശ രാജ്യങ്ങൾ അമേരിക്കൻ സിനിമ വ്യവസായത്തെ തട്ടിയെടുത്തെന്ന് ട്രംപ് ആരോപിച്ചു. തീരുവ എങ്ങനെ നടപ്പാക്കുമെന്നോ എന്ന് പ്രാബല്യത്തിൽ വരുമെന്നോ വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ ഡിസ്‌നി, വാർണർ ബ്രോസ് ഡിസ്കവറി, പാരാമൗണ്ട് ഗ്ലോബൽ തുടങ്ങിയ കമ്പനികൾ പ്രതികരിച്ചിട്ടില്ല.
തീരുമാനം ഇന്ത്യൻ സിനിമകൾക്കടക്കം തിരിച്ചടിയാകും. ഹിന്ദി സിനിമകളടക്കം അമേരിക്കയിൽ റിലീസ് ചെയ്യുന്നുണ്ട്. സിനിമാ ടിക്കറ്റ് നിരക്കുകളും കുതിച്ചുയരും. വിദേശ സിനിമകൾക്ക് തീരുവ ചുമത്തുമെന്ന് മേയിലും ട്രംപ് പറഞ്ഞിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. വിദേശ നിർമ്മിത ഫർണീച്ചറുകൾക്കും കനത്ത തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.