അതിജീവന വഴിയിൽ മുൻ എം.എൽ.എ കെ.സി കുഞ്ഞിരാമൻ
6 വർഷത്തിന്ശേഷം പൊതുപരിപാടികളിൽ പങ്കെടുത്തു തുടങ്ങി
കൽപ്പറ്റ: പോരാട്ടം ജീവിതചര്യയാക്കിയ കെ.സി കുഞ്ഞിരാമൻ വീണ്ടും പൊതുപരിപാടികളിൽ പങ്കെടുത്തു തുടങ്ങി. സി.പി.എം നേതാവും മുൻ മാനന്തവാടി എം.എൽ.എയുമാണ് കെ.സി കുഞ്ഞിരാമൻ. മരക്കൊമ്പ് തലയിൽ വീണ് ഉണ്ടായ അപകടത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. 2019 മാർച്ച് 18നാണ് അപകടം സംഭവിക്കുന്നത്. പനമരത്തെ വിട്ടു പറമ്പിൽ മരക്കൊമ്പ് വെട്ടി മാറ്റുന്നതിനിടെ തലയിൽ വീണ് അപകടം സംഭവിക്കുകയായിരുന്നു. അരക്ക് താഴെ ചലനശേഷി നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ കെ.സി കുഞ്ഞിരാമൻ കോഴിക്കോട് മെഡിക്കൽ കോളേജിലും വെല്ലൂരിലെ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. ആറു വർഷത്തിനുശേഷമാണ് കുഞ്ഞിരാമൻ വീണ്ടും പൊതു പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയത്. തിങ്കളാഴ്ച കൽപ്പറ്റയിൽ നടന്ന ആദിവാസിക്ഷേമസമിതി സംസ്ഥാന കൺവെൻഷനിൽ മുഴുവൻ സമയവും അദ്ദേഹം പങ്കെടുത്തു. അഞ്ചുവർഷമാണ് മാനന്തവാടിയെ കെ.സി കുഞ്ഞിരാമൻ പ്രതിനിധാനം ചെയ്തത്. ലളിതമായ ജീവിതം നയിച്ചിരുന്ന കെ.സി കുഞ്ഞിരാമൻ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ വീണുപോകാതെ അതിജീവിക്കുകയാണ് കുഞ്ഞിരാമൻ. കിടപ്പിലായി വിശ്രമിക്കുമ്പോഴും വായനയും മറ്റ് ഇടപെടലുകളുമായി കുഞ്ഞിരാമൻ സജീവമായിരുന്നു. രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളും കുഞ്ഞിരാമനുണ്ട്. കുഞ്ഞിരാമൻ ആശുപത്രിയിലായിരുന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിനേരിട്ട് എത്തി ചികിത്സയ്ക്ക് ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. ഉമ്മൻചാണ്ടി മരിച്ചപ്പോൾ ഇക്കാര്യം കുഞ്ഞിരാമൻ മാദ്ധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തിരുന്നു. വീൽചെയറിന്റെ സഹായത്തോടെയാണ് കുഞ്ഞിരാമൻ ഇപ്പോൾ പുറത്തേക്ക് എത്തുന്നത്.