ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിന്റെ ടോയ്‌ലറ്റിനുള്ളിൽ പുക; തുറന്ന് നോക്കിയ ജീവനക്കാ‌ർ കണ്ടത്

Monday 29 September 2025 11:24 PM IST

ഹൈദരാബാദ്: വിമാനത്തിലെ ടോയ്‌ലറ്റിൽ പുകവലിച്ച യാത്രക്കാരനെതിരെ കേസ്. ദുബായ്-ഹൈദരാബാദ് വിമാനത്തിലെ ടോയ്ലറ്റിനുള്ളിൽ പുകവലിച്ച യാത്രക്കാരനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര തിരിച്ച ഇൻഡിഗോ എയർലൈൻസ് 6E-1466 വിമാനത്തിലെ ടോയ്‌ലറ്റിനുള്ളിൽ വച്ച് പുകവലിച്ച ഹൈദരാബാദ് സ്വദേശി എസ് ഗംഗാറാമിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എയർലൈൻ ജീവനക്കാർ നൽകിയ പരാതിയിലാണ് പൊലീസ് യാത്രക്കരനെതിരെ നടപടിയെടുത്തത്.

യാത്രാമദ്ധ്യേ ഇയാൾ വിമാനത്തിലെ ടോയ്‌ലറ്റിനുള്ളിൽ കയറി സിഗരറ്റ് വലിക്കുകയായിരുന്നു. ടോയ്‌ലറ്റിന്റെ പുറത്തേക്ക് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്തിലെ ജീവനക്കാർ ജാഗരൂകരായി. തുടർന്ന് നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന സിഗരറ്റുകളും ലൈറ്ററും ജീവനക്കാർ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

യാത്രക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.