ലഡാക്ക് ചർച്ച; രണ്ട് സംഘടനകളും പിൻമാറി
ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാനപദവിയും സ്വയംഭരണാവകാശവും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ നിന്ന് ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും പിൻമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുമായി ഒക്ടോബർ ആറിന് നടക്കേണ്ട ചർച്ചയിൽ നിന്നാണ് പിൻമാറിയത്. ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ചർച്ചയ്ക്കില്ലെന്നാണ് രണ്ട് സംഘടനകളും വ്യക്തമാക്കിയത്. അതേസമയം, ലഡാക്കിന്റെ ആവശ്യങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
ലേയിൽ നാല് യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ലേ അപെക്‌സ് ബോഡി ചെയർമാൻ തുപ്സ്തൻ ചെവാങ് ആവശ്യപ്പെട്ടു. പ്രതിഷേധിച്ച യുവാക്കൾക്കെതിരെയെടുത്ത കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത സമരനേതാവ് സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കണമെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് ആവശ്യപ്പെട്ടു. ലഡാക്കിന് സംസ്ഥാനപദവി നൽകണമെന്നും മേഖലയിലെ ജനങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നതിന് ആറാം ഷെഡ്യൂൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരമാണ് കഴിഞ്ഞ ബുധനാഴ്ച സംഘർഷത്തിലെത്തിയത്. സംഘർഷത്തിനിടെ നാലുപേർ കൊല്ലപ്പെടുകയും 80ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം
ലഡാക്ക് സമരനേതാവ് സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ലഡാക്ക് സ്റ്റുഡന്റ്സ് അസോസിയേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം നൽകി. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നാലുപേർ കൊല്ലപ്പെട്ട ലഡാക്ക് സംഘർഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. കലാപത്തിന് ജനങ്ങളെ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. അറബ് വസന്തവും നേപ്പാൾ കലാപവും പരാമർശിച്ച് യുവാക്കളെ കലാപകാരികളാകാൻ പ്രേരിപ്പിച്ചു, സ്റ്റുഡന്റ് എജ്യുക്കേഷൻ ആൻഡ് കൾച്ചറൽ മൂവ്മെന്റ് എന്ന സ്വന്തം എൻ.ജി.ഒ വഴി വിദേശ സംഭാവന ചട്ടം ലംഘിച്ച് വൻതോതിൽ പണം കൈപ്പറ്റി,പാകിസ്ഥാൻ സന്ദർശിച്ചു എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ. വാങ്ചുക്കിക്കിന്റെ അറസ്റ്റ് അന്യായമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാര്യ ഗീതാഞ്ജലി അംഗ്മോ പറഞ്ഞു. അറസ്റ്റ് ഉത്തരവ് ഇതുവരെ കുടുംബത്തിന് നൽകിയിട്ടില്ലെന്നും ജയിലിൽ പോയി അദ്ദേഹത്തെ കാണാൻ അനുമതി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. 'പാക് ബന്ധം' എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും ഗീതാഞ്ജലി പറഞ്ഞു. വാങ്ചുക്ക് പാകിസ്ഥാൻ സന്ദർശിച്ചത് ഐക്യരാഷ്ട്രസഭയുടെ ഒരു കാലാവസ്ഥാ പരിപാടിയിൽ പങ്കെടുക്കുന്നതിനാണെന്നും അവർ വ്യക്തമാക്കി.