വിജയ്യെ തൊടാൻ പേടി, നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ആശങ്ക
ടി.വി.കെ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു കരൂർ ദുരന്തത്തിൽ മരണം 41
ചെന്നൈ: കരൂരിൽ നാല്പത്തിയൊന്നുപേരുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയ റാലി നയിച്ച ടി.വി.കെ അദ്ധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കാതെ തമിഴ്നാട് പൊലീസ്.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സുഗുണ (65) ഇന്നലെ മരിച്ചതോടെയാണ് മരണസംഖ്യ 41 ആയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ വിജയുടെ അറസ്റ്റ് വൻതിരിച്ചടിയാകുമെന്ന് ഡി.എം.കെ സർക്കാർ ഭയക്കുന്നു. കേസെടുക്കണമെന്നോ അറസ്റ്റു ചെയ്യണമെന്നോ പറയാൻ മറ്റു രാഷ്ട്രീയ പാർട്ടികളും തയ്യാറല്ല. അവർ ടി.വി.കെയുമായി സഖ്യംകൂടാൻ കാത്തിരിക്കുന്നവയാണ്. റാലി നയിച്ചത് ടി.വി.കെ പ്രസിഡന്റ് വിജയ് ആണെങ്കിലും കേസെടുത്തത് സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമൽ കുമാർ കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെയാണ്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ മതിയഴകനെ ഇന്നലെ രാത്രിയോടെ അറസ്റ്റു ചെയ്തു. ഇന്നലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിജയുമായി സംസാരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് വിജയ്യുമായി സംസാരിച്ചത്. രാഷ്ട്രീയമില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇന്നലെ കരൂർ സന്ദർശിച്ച കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുപോലും പറഞ്ഞില്ല. കിംവദന്തി പരത്തരുത് എന്നു മാത്രമാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സമൂഹമാദ്ധ്യമത്തിലൂടെ ഓർമ്മിപ്പിച്ചത്. വിജയ്യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന പോസ്റ്ററുകൾ കരൂരിൽ പ്രചരിക്കുന്നുണ്ട്. 'ആൾകൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടൻ അറസ്റ്റ് ചെയ്യണം', തുടങ്ങിയ പോസ്റ്ററുകളാണ് തമിഴ്നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിൽ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ കരൂർ ദുരന്തത്തെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ കിംവദന്തികൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് തമിഴ്നാട് സർക്കാർ മുന്നറിയപ്പ് നൽകിയതിന് പിന്നാലെ 25 പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേരെ അറസ്റ്റു ചെയ്ത്. രണ്ട് ടി.വി.കെ പ്രവർത്തകരും ഒരു ബി.ജെ.പി പ്രവർത്തകനുമാണ് അറസ്റ്റിലയാത്
കേസെടുക്കാൻ നിയമോപദേശം,
യാത്ര വൈകിച്ചത് മനഃപൂർവം
# വൻജനക്കൂട്ടം സൃഷ്ടിക്കാൻ വിജയ് കരൂർ സന്ദർശനം മനഃപ്പൂർവം 4 മണിക്കൂർ വൈകിപ്പിച്ചെന്ന് എഫ്.ഐ.ആർ. ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് അറിയിച്ചശേഷം രാത്രിയിലാണ് എത്തിയത്. കാത്തിരുന്നു വലയുന്ന ജനങ്ങൾക്ക് ജീവഹാനി സംഭവിക്കാമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ടി.വി.കെ നേതാക്കൾ ചെവിക്കൊണ്ടില്ലെന്നും കരൂർ പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു.റോഡ് ഷോ നടത്തിയത് അനുമതി ഇല്ലാതെയാണെന്നും ചൂണ്ടിക്കാട്ടുന്നു
#ഈ പശ്ചാത്തലത്തിൽ വിജയ്ക്കെതിരെ കേസെടുക്കാമെന്ന് എം.കെ.സ്റ്റാലിനു നിയമോപദേശം ലഭിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച ചെയ്തു. പ്രതികളാക്കിയ ടി.വി.കെ നേതാക്കളെ അറസ്റ്റു ചെയ്യുന്നത് വൈകില്ലെന്നാണ് സൂചന.
# സി.ബി.ഐയോ പ്രത്യേക സംഘമോ (എസ്.ഐ.ടി) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹർജി നൽകി. ഒക്ടോബർ 3ന് പരിഗണിക്കും. കരൂർ സന്ദർശിക്കാൻ അനുമതി തേട മദ്രാസ് ഹൈക്കോടതിയിലും ഹർജി നൽകി.