പാകിസ്ഥാനിൽ വീണ്ടും ആക്രമണം: തെക്കൻ വസീറിസ്ഥാനിൽ ഐഇഡി സ്ഫോടനത്തിൽ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കറാച്ചി: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ വീണ്ടും ഭീകരാക്രമണം. തെക്കൻ വസീറിസ്ഥാൻ ജില്ലയിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 17 തെഹ്‍രീകെ താലിബാൻ പാകിസ്ഥാൻ ഭീകരരെ സുരക്ഷാ സേന വധിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് മറ്റൊരു ആക്രമണം നടന്നത്.
തെക്കൻ വസീറിസ്ഥാനിലെ മുല്ല ഖാൻ സാറ പ്രദേശത്താണ് സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന് ശേഷം സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആക്രമണത്തിന് പിന്നിൽ ഏത് ഭീകരസംഘടനയാണെന്ന് വ്യക്തമായിട്ടില്ല.
സെപ്തംബർ 27ന് വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ ടിടിപി ബന്ധമുള്ള 17 ഭീകരരെ പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചിരുന്നു. കറാക്ക് ജില്ലയിൽ നടന്ന ഈ നീക്കം ഫ്രോണ്ടിയർ കോർപ്സും പൊലീസും ചേർന്നുള്ള രഹസ്യാന്വേഷണ വിവരത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ടിടിപി, മുല്ല നസീർ ഗ്രൂപ്പ് എന്നിവയുമായി ബന്ധമുള്ള ഭീകരർ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈനിക നടപടി.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വഷളായി വരുന്ന സുരക്ഷാ പ്രശ്നങ്ങളിൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ഓഫ് പാകിസ്ഥാൻ ആശങ്ക രേഖപ്പെടുത്തി. ഭീകരർക്ക് സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്നും പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. ലയിപ്പിച്ച ഗോത്രവർഗ്ഗ ജില്ലകളുൾപ്പെടെയുള്ള മേഖലകളിൽ ഭീകരസംഘടനകൾ ശിക്ഷാനടപടികളില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു.