മനുഷ്യവന്യജീവി സംഘർഷം: ആശ്വാസമാകാൻ ഹെൽപ്പ് ഡെസ്‌ക്

Tuesday 30 September 2025 12:00 AM IST
യു.ആർ. പ്രദീപ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എലിഫന്റ് ആൻഡ് വൈൽഡ് ലൈഫ് റിപ്പലന്റ് അലാറം പരിശോധിക്കുന്നു.

തൃശൂർ: മലയോര വനമേഖലകളിലെ മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കാനും കർഷകരുടെ പരാതികൾ പരിഹാരിക്കാനും ഹെൽപ്പ് ഡെസ്‌കുമായി വനംവകുപ്പ്. വന്യജീവികളുടെ ആക്രമണം മൂലം കൃഷിനാശം, ഭൂമിതർക്കം, ജീവഹാനി, ഗതാഗത പ്രശ്‌നം, മരം മുറി തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരമാണ് ഹെൽപ്പ് ഡെസ്‌ക് വഴി നടപ്പിലാക്കുക. നൂറോളം പരാതികൾ ഇതിനകം പരിഹരിച്ചു. പരാതി പെട്ടിയും വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക്കിൽ ലഭ്യമാണ്. സീറോ ബഡ്ജറ്റിൽ മികച്ച ആസൂത്രണത്തോടെ നടപ്പാക്കിയ പദ്ധതി 45 ദിവസത്തിനകം ലക്ഷ്യത്തിലെത്തുന്ന രീതിയിലാണ് സജ്ജീകരണം. വടക്കാഞ്ചേരി മച്ചാട് റേഞ്ചിന് കീഴിലെ പത്ത് പഞ്ചായത്തുകളിലും ഒരു മുനിസിപ്പൽ ഏരിയയിലുമാണ് പ്രവർത്തനം. സോളാർ ഫെൻസിംഗ്, കിടങ്ങ് എന്നിവ നിർമ്മിക്കാനുള്ള അപേക്ഷകൾ തദ്ദേശ വകുപ്പിലേക്ക് കൈമാറും. ജില്ലാ ഫോറസ്റ്റ് ഡിവിഷൻ തലത്തിലും സംസ്ഥാന തലത്തിലും ചർച്ച ചെയ്ത് ഭാവിയിൽ നയ രൂപീകരണത്തിന് ഹെൽപ്പ് ഡെസ്‌കുകളുടെ പ്രവർത്തനം ഗുണകരമാകും.

ആശ്വാസമായി എലിഫന്റ് അലാറം

ചേലക്കര നിയോജക മണ്ഡലത്തിലെ ആറ്റൂർ, പഴയന്നൂർ, ചേലക്കര എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ എലിഫന്റ് ആൻഡ് വൈൽഡ് ലൈഫ് റിപ്പല്ലന്റ് അലാറം സജ്ജീകരിച്ചു.വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായാൽ ഉടനെ വിവരം അറിയിക്കാൻ സംവിധാനത്തിനാകും. കാട്ടാന ആക്രമണം തടയാനുള്ള വനം വകുപ്പിന്റെ ഈ പുതിയ ഇടപെടൽ മലയോര മേഖലയ്ക്ക് ആശ്വാസമേകും.

ഓൺലൈൻ പരാതി സമർപ്പിക്കാൻ അറിയാത്ത കർഷകരെ ബോധവത്കരിച്ചു, നേരിട്ട് അപേക്ഷകൾ സ്വീകരിച്ച് ഫീൽഡ് വിസിറ്റ് നടത്തി നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവ ഹെൽപ്പ് ഡെസ്‌കുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.

ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, തിരുവില്വാമല പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക്