തൈക്കാട്ടുശ്ശേരി എ.എൽ.പിയിൽ, പൂത്തു തരിശിൽ 'ചെത്തി' വസന്തം
തൃശൂർ: തൈക്കാട്ടുശ്ശേരി എ.എൽ.പി. സ്‌കൂളിന്റെ 30 സെന്റ് തരിശ് ഭൂമിയിൽ ചെത്തി നട്ട് പൂങ്കാവനമാക്കി സ്‌കൂൾ അധികൃതർ. രണ്ടു വർഷം മുൻപ് മണ്ണുത്തി അഗ്രിക്കൾച്ചറൽ യൂണവേഴ്‌സിറ്റിയിൽ നിന്നാണ് തൈകൾ വാങ്ങിയത്. 70 തൈകളിലായി പൂത്തുലഞ്ഞു നിൽക്കുന്ന ചെത്തിപൂക്കൾ ചെറിയ രീതിയിൽ സ്‌കൂളിന് വരുമാനവുമാണ്. തരിശ് ഭൂമിയിൽ എന്ത് ചെയ്യാം എന്ന ആലോചനയിൽ ആദ്യം തുളസി തൈകൾ നട്ടുപിടിപ്പിച്ചു. പിന്നീടത് വരുമാന മാർഗം കൂടിയായ ചെത്തി തൈകളലേയ്ക്കാണ് എത്തിയത്. തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ഔഷധശാലയിലെ ജീവനക്കാരനായ പി. മുകുന്ദന്റെ നേതൃത്വത്തിലാണ് പരിപാലനം. ഒപ്പം പണിക്കാരും പ്രധാനാദ്ധ്യാപിക പ്രസന്നയും മറ്റ് അദ്ധ്യാപകരുമുണ്ട്. പൂക്കളിൽ തേൻ കുടിക്കാനെത്തുന്ന പൂമ്പാറ്റകളെ കൗതുകത്തോടെയാണ് വിദ്യാർത്ഥികളും വീക്ഷിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. ചെത്തിപൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനുമായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്‌കൂളിലെത്തിയത്.
വരുമാന മാർഗം
മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന പൂക്കൾ ചെറിയ രീതിയിൽ സ്‌കൂളിന് വരുമാന മാർഗമാണ്. ജൈവവളം മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന പൂക്കൾ ഔഷധശാലയിലെ മരുന്നുകൾ നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്. നാലു ദിവസം കൂടുമ്പോഴാണ് വിളവെടുപ്പ്. ഒരു കലോ പൂവിന് 250 രൂപ ലഭിക്കും. അറുപതോളം തൈകൾ പുതുതായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ ചെടികൾ അടുത്ത രണ്ടുവർഷത്തിനുള്ളിൽ വിളവെടുക്കും.
ചെടികളുടെയും പൂക്കളുടെയും വളർച്ച വിദ്യാർത്ഥികൾക്ക് നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ഇത്.
കൗതുകത്തോടെയാണ് അവർ ഇത് ആസ്വദിക്കുന്നത്. ചെടികൾ നട്ടുപിടിക്കുമ്പോൾ ഇത്ര രസമായിരിക്കുമെന്ന് കരുതിയില്ല. സ്‌കൂൾ ഇപ്പോൾ അറിയപ്പെടുന്നത് ചെത്തിപ്പൂക്കളുള്ള സ്‌കൂളെന്നാണ്. പ്രസന്ന (പ്രധാനാദ്ധ്യാപിക)