പാലസ്തീൻ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ച് മുഖ്യമന്ത്രി

Tuesday 30 September 2025 1:15 AM IST

തിരുവനന്തപുരം: പാലസ്തീൻ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ പാലസ്തീൻ അംബാസഡറായ അബ്ദുള്ള അബു ഷാവേഷുമായി മുഖ്യമന്ത്രി നിയമസഭയിലെ ചേംബറിൽ കൂടിക്കാഴ്ച നടത്തി.

യു.എസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളും അട്ടിമറിച്ചാണ് പാലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നത്. പാലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനൊപ്പമാണ് കേരളം. യു.എൻ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള പാലസ്തീൻ രാഷ്ട്രം സാദ്ധ്യമാക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ അടിയന്തരമായി പ്രവർത്തിക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രായേലി അധിനിവേശവും പാലസ്തീൻ ഇന്ന് നേരിടുന്ന പ്രശ്നങ്ങളും അംബാസഡർ വിശദീകരിച്ചു. ഈ നിർണായ സന്ദർഭത്തിൽ കേരളം നൽകുന്ന പിന്തുണ മഹത്തരമാണ്. കൂടുതൽ പിന്തുണ പാലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.