മകളെ പീഡിപ്പിക്കാൻ ഒത്താശ, മാതാവിനെതിരെ പ്രേരണാ കുറ്റം നിലനിൽക്കും

Tuesday 30 September 2025 12:39 AM IST

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്യുന്ന മാതാവിനെതിരെ പോക്സോ നിയമപ്രകാരം പ്രേരണാക്കുറ്റം നിലനിൽക്കുമെന്ന് ഡൽഹി ഹൈക്കോടതി. 11കാരി പീഡനത്തിനിരയായ കേസിൽ പ്രേരണാക്കുറ്റം ചുമത്തിയിരുന്ന മാതാവിന് 25 വർഷം കഠിനതടവ് വിധിച്ച വിചാരണക്കോടതി നടപടി ശരിവച്ചു.

ഇരയായ വിവരം പുറത്തു പറയാതിരിക്കാൻ മകളെ നിർബന്ധിക്കുന്നതും ഈ കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് ജസ്റ്റിസ് സ്വരാന കാന്ത ശ‌ർമ്മ വ്യക്തമാക്കി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. മാതാവിനെതിരെ 11കാരി നൽകിയ മൊഴി നിർണായകമായി.

വ്യാജ പരാതി: മാതാവിന്

20,000 രൂപ പിഴ

പ്രായപൂർത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിച്ചെന്ന് വ്യാജപരാതി നൽകിയ മാതാവിന് ഡൽഹി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് 20,000 രൂപ പിഴ ചുമത്തി. ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് വ്യാജപരാതി നൽകിയതെന്ന് കണ്ടെത്തിയാണ് നടപടി. പോക്‌സോ നിയമം വ്യക്തിവിരോധത്തിന് ഉപയോഗിക്കാനുള്ള ആയുധമല്ലെന്ന് ജസ്റ്റിസ് അരുൺ മോൻഗ നിരീക്ഷിച്ചു. നേരത്തെ വിചാരണക്കോടതി 10,000 രൂപ പിഴയിട്ടത് 20,000 രൂപയാക്കി ഉയർത്തുകയായിരുന്നു.