ശ്രീതുവിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും

Tuesday 30 September 2025 1:39 AM IST

 കോടതിയിൽ കസ്റ്റഡി അപേക്ഷ കൈമാറി പൊലീസ്

ബാലരാമപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. കോടതിയിൽ കസ്റ്റഡി അപേക്ഷ കൈമാറിയെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ കൊലപാതകത്തിൽ ശാസ്ത്രീയമായ തെളിവുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി കോടതി അനുമതിയോടെ നുണപരിശോധനയ്‌ക്ക് ശ്രീതുവിനെ സമീപിപ്പിച്ചപ്പോൾ ആവശ്യം തള്ളിക്കളഞ്ഞതും അന്വേഷണസംഘത്തെ കൂടുതൽ സംശയനിഴലിലാക്കി. കുഞ്ഞിനെ കാണാനില്ലെന്നുപറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തിയതും മറ്റൊരു തിരക്കഥയായിരുന്നു.

കൂടുതൽ വ്യക്തത വരുത്താൻ പൊലീസ്

കൊലപാതകം നടന്ന പുലർച്ചെ രാവിലെ അഞ്ചരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് ശ്രീതു വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചത്. തുടർന്ന് ഡിവൈ.എസ്.പി ഷാജി സ്ഥലത്തെത്തി. വീട്ടുമുറ്റത്തെ കിണർ പരിശോധിക്കാൻ ഫയർഫോഴ്സിനെ വരുത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കൊല നടന്ന രാത്രിയിൽ നടന്ന സംഭവ വികാസങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് പൊലീസിന് കോടതിയിൽ സമർത്ഥിക്കാനുള്ളത്. ശ്രീതുവിന്റെയും ഹരികുമാറിന്റെയും വഴിവിട്ടുള്ള ബന്ധമാണ് കുഞ്ഞിന്റെ കൊലയ്‌ക്ക് പിന്നിലുള്ള കാരണമെന്നു തന്നെയാണ് പൊലീസ് നിഗമനം.