ബി.ജെ.പി ഡൽഹി ഘടകത്തിന് ദക്ഷിണേന്ത്യൻ ശൈലിയിൽ ഓഫീസ്
ന്യൂഡൽഹി: ആധുനിക സൗകര്യങ്ങളും പരമ്പരാഗത വാസ്തുവിദ്യാ ചാരുതയും സമന്വയിപ്പിച്ച ബി.ജെ.പി ഡൽഹി സംസ്ഥാന ഓഫീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നവരാത്രിയുടെ ഏഴാം ദിവസം നടന്ന ചടങ്ങിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത,ബി.ജെ.പി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ തുടങ്ങിയ നേതാക്കളും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും പങ്കെടുത്തു.
ദേശീയ ആസ്ഥാനത്തിന് സമീപം ഡൽഹി ദീൻ ദയാൽ ഉപാദ്ധ്യായ മാർഗിൽ 30,000 ചതുരശ്ര അടി വിസ്‌തൃതിയിൽ സ്ഥിതി ചെയ്യുന്ന അഞ്ച് നില കെട്ടിടത്തിലെ ഉയരമുള്ള തൂണുകളിലും മുൻഭാഗത്തും ദക്ഷിണേന്ത്യൻ രൂപകൽപന ശ്രദ്ധേയമാണ്. ബേസ്‌മെന്റിൽ സന്ദർശകർക്കും ജീവനക്കാർക്കും വിശാലമായ പാർക്കിംഗ് സൗകര്യമുണ്ട്. താഴത്തെ നിലയിൽ ഒരു കോൺഫറൻസ് റൂം,സ്വീകരണ മുറി,കാന്റീൻ എന്നിവയാണ്. ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ 300 പേർക്ക് ഇരിക്കാം. മുകളിലത്തെ നിലകളിൽ പാർട്ടി സെല്ലുകൾ,വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ,എം.പിമാർ, മുതിർന്ന നേതാക്കൾ എന്നിവർക്കുള്ള ഓഫീസുകളാണ്. ഡൽഹി ബി.ജെ.പി പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും പ്രത്യേക മുറിയുണ്ട്. 2.23 കോടി ചെലവിലാണ് നിർമ്മാണം.