ലൈംഗികാതിക്രമം സന്യാസിയെ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ച് തെളിവെടുത്തു

Tuesday 30 September 2025 12:57 AM IST

ന്യൂഡൽഹി: 17 വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുമായി തെളിവെടുപ്പ് നടത്തി ഡൽഹി പൊലീസ്. വസന്ത് കുഞ്ചിലെ ശ്രീശാരദാ ഇൻസ്റ്റിറ്റ്യൂട്ടിലെ കെയർടേക്കറായിരുന്ന സ്വാമിയെ അവിടെയെത്തിച്ച് തെളിവെടുക്കുകയായിരുന്നു. അർദ്ധരാത്രിയിൽ വിദ്യാർത്ഥിനികളെ വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്ന് ആരോപണമുള്ള മുറിയിലെത്തിച്ചു ചോദ്യംചെയ്‌തു. ക്യാമ്പസിലും ഹോസ്റ്റലിലും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വികളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഹോസ്റ്റലിലെ കുളിമുറിയോടു ചേർന്ന് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നതായും ദൃശ്യങ്ങൾ സന്യാസിയുടെ മൊബെൽ ഫോണിൽ തത്സമയം ലഭിച്ചിരുന്നതായും കണ്ടെത്തി. മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് ആഗ്രയിലെ ഹോട്ടലിൽ നിന്ന് സന്യാസിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഡൽഹി പൊലീസിന്റെ അഞ്ചു ദിവത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതിനിടെ പ്രതിയുടെ എട്ടുകോടി രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മാനേജ്മെന്റ് പി.ജി ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിനികളാണ് സന്യാസിക്കെതിരെ പരാതി നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കാട്ടി ബ്ലാക്മെയിൽ ചെയ്‌തുവെന്നും, രാത്രിയിൽ അശ്ലീല വാട്സാപ്പ് സന്ദേശങ്ങൾ പതിവാണെന്നും വിദ്യാ‌ർത്ഥിനികൾ ചൂണ്ടിക്കാട്ടി. ഇരകളുടെ ഫോണുകളിൽ നിന്ന് വാട്സാപ്പ് മെസേജുകൾ ഡെലീറ്റ് ചെയ്യാൻ ഒത്താശ ചെയ്‌ത ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദേശങ്ങൾ ശാസ്ത്രീയ മാർഗങ്ങളിലൂടെ വീണ്ടെടുത്തിട്ടുണ്ട്.