സാമ്പത്തിക തട്ടിപ്പുക്കേസ് പ്രതികൾക്ക് ജാമ്യം നൽകിയ ജഡ്‌ജിമാർക്ക് പ്രത്യേക പരിശീലനം

Tuesday 30 September 2025 12:58 AM IST

ന്യൂഡൽഹി: ഡൽഹിയിൽ 6 കോടിയിൽപ്പരം രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിലെ പ്രതികളായ ദമ്പതികൾക്ക് ജാമ്യം അനുവദിച്ച രണ്ടു ജഡ്‌ജിമാർക്ക് ശിക്ഷയായി പ്രത്യേക പരിശീലനം. അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട്,കട്കട്ഡൂമ സെഷൻസ് കോടതി ജഡ്‌ജി എന്നിവരെ ഏഴുദിവസത്തെ പരിശീലനത്തിന് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്നും കേസിന്റെ ഗുരുതര സ്വഭാവവും ജഡ്‌ജിമാർ പരിഗണിച്ചില്ലെന്ന് കണ്ടെത്തി. പണം തിരികെ നൽകാമെന്ന് കോടതിയിൽ പലതവണ വ്യാജ ഉറപ്പുകൾ നൽകിയിട്ടുള്ള പ്രതികളാണെന്നും വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള,എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. ഭൂമി നൽകാമെന്ന് പറഞ്ഞ് സ്വകാര്യ കമ്പനിയെ ദമ്പതികൾ തട്ടിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്ക് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് അനുവദിച്ച ജാമ്യം കട്കട്ഡൂമ സെഷൻസ് കോടതി ശരിവയ്‌ക്കുകയായിരുന്നു. ഇതിനെതിരെ സ്വകാര്യകമ്പനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.