ഇസ്രയേൽ - ഹമാസ് യുദ്ധം: ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് നെതന്യാഹു

Tuesday 30 September 2025 2:16 AM IST

 ഹമാസിന് 72 മണിക്കൂർ സമയം നൽകി ട്രംപ്

വാഷിംഗ്ടൺ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച 20 നിർദ്ദേശങ്ങൾ അടങ്ങിയ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 72 മണിക്കൂറിനുള്ളിൽ ഹമാസ് മറുപടി പറയണമെന്നും, അങ്ങനെയെങ്കിൽ ആ നിമിഷം യുദ്ധം അവസാനിക്കുമെന്നും ട്രംപ് അറിയിച്ചു. മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണം.

ട്രംപും നെതന്യാഹുവും വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ട്രംപിന്റെ നേതൃത്വത്തിലെ ബോർഡിനാണ് പദ്ധതിയുടെ മേൽനോട്ടം. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അംഗമാകും. ഗാസയിൽ ഹമാസിന്റെ സൈനിക/ഭരണ ശേഷി ഇല്ലാതാക്കുക, ഗാസയുടെ പുനർനിർമ്മാണം, മാനുഷിക സഹായം തുടങ്ങിയ നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. ഹമാസിനെ അനുനയിപ്പിക്കേണ്ട ചുമതല ട്രംപ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് കൈമാറി. ഹമാസ് വിസമ്മതിച്ചാൽ ഇസ്രയേൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

 ഖത്തറിനോട് ക്ഷമാപണം

ഖത്തറിൽ നടത്തിയ ആക്രമണത്തിൽ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയെ ഫോണിൽ വിളിച്ചാണ് പരമാധികാരം ലംഘിച്ചതിൽ ഖേദം അറിയിച്ചത്. സംഭവം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി. ഈ മാസം 9നാണ് ദോഹയിലെ ഹമാസ് ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. 5 ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടു.