ചാക്കയിൽ സീബ്രാലൈൻ വരച്ചു
Tuesday 30 September 2025 2:38 AM IST
തിരുവനന്തപുരം:ചാക്ക ജംഗ്ഷനിലെ കാൽനടയാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ സീബ്രാലൈനുകൾ വരച്ചു. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.മെഡിക്കൽ കോളേജ്,എയർപോർട്ട്,ശംഖുംമുഖം തുടങ്ങിയ പ്രധാനയിടങ്ങളിലേക്ക് പോകുന്ന റോഡും ഹൈവേയും സംഗമിക്കുന്ന ചാക്ക ജംഗ്ഷനിൽ പൊതുവേ വാഹനത്തിരക്ക് കൂടുതലാണ്.
എന്നാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനുകളില്ലായിരുന്നു. ഇവിടെ അപകടങ്ങളും പതിവായിരുന്നു. ഇതുസംബന്ധിച്ചാണ് കേരളകൗമുദി ആഗസ്റ്റ് 30ന് വാർത്ത നൽകിയത്. തുടർന്നാണ് അധികൃതർ ജംഗ്ഷനിൽ സീബ്രാലൈനുകൾ വരച്ചത്. ചാക്ക ജംഗ്ഷനിൽ എല്ലാ ഭാഗത്തേക്കുമുള്ള റോഡിലും പുതുതായി സീബ്രാലൈനുകൾ വരച്ചിട്ടുണ്ട്.